ഗുജറാത്തിലെ ബിജെപി വിമതന്‍ നളിന്‍ കൊതാഡിയ കോണ്‍ഗ്രസ് ക്ഷണം സ്വീകരിക്കുമോ?

single-img
9 August 2017

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബിജെപി വിമതന് കോണ്‍ഗ്രസിലേക്ക് ക്ഷണം. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് വോട്ടു ചെയ്ത ബിജെപി വിമത എംഎല്‍എ നളിന്‍ കൊതാഡിയെയാണ് കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. എഐസിസി സെക്രട്ടറി ദീപക് ബാബറിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇതിലൂടെ ഗുജറാത്തില്‍ ബിജെപി കളിച്ച കളി തിരിച്ചു കളിച്ച് തിരിച്ചടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഗുജറാത്തില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആണ് ബിജെപിയിലേക്ക് കൂറുമാറിയത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന്റെ ജയത്തിന് ഇത് തിരിച്ചടിയായപ്പോള്‍ കൊതാഡിയുടെയും ജെഡിയു എംഎല്‍എയുടെയും വോട്ടുകളാണ് നിര്‍ണായകമായത്.

സ്വന്തം മുന്നണിക്കുള്ളില്‍ നിന്നും ഇത്തരമൊരു തിരിച്ചടി ബിജെപി പ്രതീക്ഷിച്ചില്ല. ഈ സാഹചര്യത്തിലാണ് കൊതാഡിയയെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നത്. ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയിലൂടെയാണ് കൊതാഡിയ നിയമസഭയിലേക്കു ജയിച്ചുകയറിയത്. 2014ല്‍ ഈ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയായിരുന്നു.