Kerala

ജന്‍ ഔഷധി പദ്ധതിയുടെ പേരില്‍ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ തട്ടിയെടുത്തത് കോടികളെന്ന് പരാതി

കൊച്ചി: മെഡിക്കല്‍ കോഴയ്ക്ക് പിന്നാലെ ജന്‍ ഔഷധി ശാലയുടെ പേരിലും ബിജെപി നേതാക്കളുടെ വെട്ടിപ്പ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായി സൈന്‍ എന്ന സംഘടന രൂപീകരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അപേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് ഫര്‍ണീഷിംഗിനും മറ്റുമായി ലക്ഷങ്ങളാണ് ഇവര്‍ വാങ്ങുന്നതെന്നും സിബിഐക്ക് ലഭിച്ച പരാതിയില്‍ വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് നേതാവ് അഡ്വ. ദിലീഷ് ജോണ്‍ എന്നയാളാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ ഈ സംഘടന കോടികള്‍ തട്ടുന്നുവെന്ന് ആരോപിച്ച് കൊച്ചി സിബിഐ യൂണിറ്റിന് പരാതി നല്‍കിയത്. പരാതിയില്‍ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി. സൈനിന്റെ പണമിടപാടുകളെക്കുറിച്ചാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.

രാജ്യത്തെ പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ എത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി. ഇതിലൂടെ 50 ശതമാനം വിലക്കിഴിവിലാണ് ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമാക്കുന്നത്. എന്നാല്‍ എഎന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നേഷന്‍(സൈന്‍) എന്ന സംഘടന ഇതിന്റെ മറവില്‍ തട്ടിപ്പ് നടത്തുന്നതായാണ് പരാതി നല്‍കിയിരിക്കുന്നത്.

108 ജന്‍ ഔഷധി സ്റ്റോറുകള്‍ തുടങ്ങാനുളള അംഗീകാരം നേടിയെടുത്താണ് സംസ്ഥാനത്ത് വ്യാപക തട്ടിപ്പ് നടക്കുന്നത്. ബ്യൂറോ ഓഫ് ഫാര്‍മ പബ്ലിക് സെക്ടര്‍ അണ്ടര്‍ടേക്കിംഗ്‌സ് ഓഫ് ഇന്ത്യ (ബിപിപിഐ)യില്‍ അപേക്ഷ നല്‍കിയാണ് 108 ഔഷധി ശാലകള്‍ നിര്‍മ്മിക്കാന്‍ സൈന്‍ അനുമതി തേടിയത്. 22 സ്റ്റോറുകള്‍ ഇപ്പോള്‍ വിവിധയിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. 10 ഓളം സ്റ്റോറുകള്‍ വരുംമാസങ്ങളില്‍ ആരംഭിക്കുകയും ചെയ്യും.

പദ്ധതി അനുവദിച്ച് കിട്ടാന്‍ 100 രൂപയുടെ മുദ്രപത്രം മാത്രം വേണ്ടിയിരിക്കെ, 2000 രൂപയാണ് സൈന്‍ വാങ്ങുന്നത്. മാത്രമല്ല, യൂണിഫോമല്‍ ഫര്‍ണീഷിംഗ് വേണമെന്ന് തെറ്റിദ്ധരിപ്പിച്ച് അലമാരികളും മറ്റും നിര്‍മ്മിക്കാന്‍ മൂന്നരലക്ഷം വരെ വാങ്ങുകയും ചെയ്യുന്നു. ഇത്തരത്തില്‍ പണം നല്‍കിയതായി ചിലര്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ അക്കൗണ്ടാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇടപ്പളളിയിലെ ഫെഡറല്‍ ബാങ്കിലേക്കാണ് സംഘടന അപേക്ഷകരെക്കൊണ്ട് പണം അടപ്പിക്കുന്നത്. ഇത്തരത്തില്‍ അപേക്ഷകയായ ഒരു ഡോക്ടര്‍ സംഘടനയ്ക്ക് ഒരു ലക്ഷത്തി പതിനേഴായിരം രൂപ നല്‍കിയതായുള്ള ശബ്ദ രേഖാ തെളിവ് പുറത്തു വന്നിരുന്നു. കൂടാതെ വാര്‍ഷിക വരുമാനത്തിന്റെ രണ്ട് ശതമാനം സൊസൈറ്റിക്ക് നല്‍കണമെന്നും ഇവര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കേന്ദ്രപദ്ധതി വിപുലീകരിക്കാന്‍ എന്ന പേരിലാണ് സംസ്ഥാന ബിജെപി നേതാക്കള്‍ ഇത്തരത്തില്‍ കടലാസ് സംഘടനകള്‍ സ്ഥാപിച്ച് വന്‍ തട്ടിപ്പ് നടത്തുന്നത്.

അതേസമയം ജന്‍ ഔഷധി പദ്ധതിയുടെ പേരില്‍ കേരളത്തില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ജൂലൈ അവസാനത്തെ ആഴ്ച ഉത്തരവിട്ടിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ സെക്രട്ടറിയോടാണ് ഒരു മാസത്തിനകം അന്വേഷിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ പിഎംഒ ഉത്തരവിട്ടിരിക്കുന്നത്. ജന്‍ ഔഷധി സ്റ്റോറുകള്‍ തുടങ്ങുന്നതിനായി ഫര്‍ണിഷിങ് ചാര്‍ജ്ജ് വാങ്ങുന്ന രണ്ട് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ജന്‍ ഔഷധിയുടെ മറവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ വൈസ് പ്രസിഡന്റ് ടിപി മുരളീധരന്‍ നായരും ചേര്‍ന്ന് നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ബിജെപി അനുഭാവികള്‍ രണ്ട് മാസങ്ങള്‍ക്ക് മുന്നേ അറിയിച്ചിരുന്നു. ഇത് പ്രകാരം വകുപ്പ് മന്ത്രി എച്ച് എന്‍ അനന്ദകുമാറിന് കുമ്മനം രാജശേഖരന്‍ കത്ത് നല്‍കിയെങ്കിലും എഎന്‍ നേരിട്ട് ഇടപെട്ട് അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നാണ് ബിജെപിയിലെ ഒരു പറ്റം നേതാക്കള്‍ നല്‍കുന്ന വിവരം.

ജന്‍ ഔഷധി പദ്ധതിയെ തകര്‍ക്കാന്‍ സ്വകാര്യ മരുന്ന് ലോബി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് എഎന്‍ രാധാകൃഷ്ണന്‍ കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചതോടെയാണ് രണ്ട് മാസങ്ങള്‍ക്ക് മുന്നേ അരംഭിക്കേണ്ടിയിരുന്ന അന്വേഷണം പ്രഖ്യാപിക്കാതെ പോയത്.