ബാബറി മസ്ജിദ് രാമജന്മഭൂമിക്ക് സമീപത്ത് നിര്‍മിക്കാമെന്ന് ഷിയ വഖഫ് ബോര്‍ഡ്

single-img
8 August 2017

അയോദ്ധ്യയിലെ തര്‍ക്ക ഭൂമിയില്‍ തന്നെ ബാബരി മസ്ജിദ് നിര്‍മ്മിക്കണമെന്നില്ലെന്ന് സുപ്രീം കോടതിയോട് ശിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. മുസ്ലിം ആധിപത്യമുള്ള പ്രദേശത്ത് പള്ളി നിര്‍മിക്കാമെന്ന നിര്‍ദേശമാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഷിയാ വഖഫ് ബോര്‍ഡ് മുന്നോട്ടുവച്ചത്. ബാബറി മസ്ജിദ് കേസ് ആഗസ്ത് 11 ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് വഖഫ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അയോദ്ധ്യയില്‍ രാമക്ഷേത്രവും പള്ളിയും ഒരേ സ്ഥലത്ത് സ്ഥിതി ചെയ്യുന്നത് പ്രശ്‌നങ്ങളുണ്ടാക്കും. ബാബറി മസ്ജിദ് ഷിയ വഖഫ് ബോര്‍ഡിന് കീഴിലായതിനാല്‍ സമാധാന കരാറിലെത്തേണ്ടത് തങ്ങളുടെ ചുമതലയാണെന്നും വഖഫ് ബോര്‍ഡ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. അയോധ്യ തര്‍ക്കഭൂമി വിഷയത്തില്‍ സൗഹാര്‍ദ്ദപരമായ ഒത്തുതീര്‍പ്പിനായി സമിതി രൂപീകരിക്കാന്‍ സമയം അനുവദിക്കണമെന്നും സുപ്രീംകോടതിയോട് ശിയ വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടു.

രാമജന്മഭൂമി ബാബറി മസ്ജിദ് കേസില്‍ ഉടന്‍ വാദം കേട്ട് തീരുമാനം കൈക്കൊള്ളുമെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി ഹര്‍ജികള്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നതെന്നും അവ ഉടന്‍ പരിഗണിച്ച് വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് സുബ്രഹ്മണ്യന്‍ സ്വാമി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. തര്‍ക്കപ്രദേശത്ത് തടസ്സമില്ലാതെ ആരാധന നടത്താനുള്ള സാഹചര്യം ഉണ്ടാകണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി മറ്റൊരു ഹര്‍ജിയും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അയോദ്ധ്യയിലെ തര്‍ക്കപ്രദേശത്തെ മൂന്നായി വിഭജിച്ചുകൊണ്ടുള്ളതായിരുന്നു 2010 സെപ്തംബര്‍ 30 ന് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്. ഏഴ് വര്‍ഷം മുമ്പത്തെ ഉത്തരവില്‍ 2.77 ഏക്കര്‍ തര്‍ക്ക ഭൂമിയെയാണ് മൂന്നാക്കി വിഭജിച്ചത്. തര്‍ക്കത്തിലിരിക്കുന്ന പ്രദേശത്തിന്റെ മൂന്നിലൊന്ന് ഭാഗം ശ്രീരമാന്റെ ജന്മസ്ഥലമായ രാംലാലയ്ക്ക് വേണ്ടിയും മൂന്നില്‍ ഒന്ന് നിര്‍മോഹി അഖാഡെയ്ക്കുമായി നിര്‍ണയിച്ചുകൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. അവശേഷിക്കുന്ന ഭാഗം മാത്രമാണ് വഖഫ് ബോര്‍ഡിന് വേണ്ടി അനുവദിച്ചത്. രാമക്ഷേത്രം നിര്‍മിക്കാന്‍ രാംലാലയ്ക്ക് വേണ്ടി അനുവദിച്ച സ്ഥലം ഉപയോഗിക്കാനായിരുന്നു കോടതി വിധിയില്‍ പറയുന്നത്.