പീഡനക്കേസില്‍ വിന്‍സെന്റ് എംഎല്‍എ അകത്ത് തന്നെ: കോടതി ജാമ്യം നിഷേധിച്ചു

single-img
7 August 2017

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിലെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.

പരാതിക്കാരിയായ സ്ത്രീയെ രണ്ടു പ്രാവശ്യം ബലാത്സംഗം ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പീഡനവും നിരന്തര ഭീഷണിയും സഹിക്കവയ്യാതെയാണ് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് വീട്ടമ്മയുടെ ഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്.

വീട്ടമ്മയുടെയും സംഭവത്തെപ്പറ്റി വീട്ടമ്മ മുമ്പ് വെളിപ്പെടുത്തിയിട്ടുള്ള ചിലരുടെയും രഹസ്യമൊഴിയും ഫോണ്‍ കോള്‍ വിശദാംശങ്ങളും രേഖപ്പെടുത്തിയ പൊലീസ് ഇവ തെളിവുകളായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ സാക്ഷി മൊഴികളുടെ സി.ഡിയും ഹാജരാക്കി. എം.വിന്‍സെന്റിന് ജാമ്യം നല്‍കിയാല്‍ ഇരയുടെ ജീവന് ഭീഷണിയാണെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കഴിഞ്ഞയാഴ്ച കോടതിയെ ബോധിപ്പിച്ചിരുന്നു.

എന്നാല്‍ വിന്‍സന്റിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണെന്നും പൊലീസ് റിപ്പോര്‍ട്ടിലുള്ളതുപോലെ വീട്ടമ്മയെ രണ്ടു പ്രാവശ്യം പീഡിപ്പിച്ചുവെന്ന് പറയുന്ന സമയങ്ങളില്‍ വിന്‍സന്റ് മണ്ഡലത്തില്‍ പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നുവെന്നും പ്രതിഭാഗം വാദിക്കുന്നു.

ഇതിന് തെളിവായി പരിപാടിയില്‍ പങ്കെടുത്തിന്റെ ഫോട്ടോയും നോട്ടീസും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച ശേഷമാണ് ജാമ്യാപേക്ഷ കോടതി ഇന്ന് വിധി പറയാനായി മാറ്റിയത്. ജൂലൈ 22നാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്.