ശ്രീശാന്തിന് ഇനി കളിക്കാം: ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി

single-img
7 August 2017

ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്ന് മലയാളി താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി. ഇനി ക്രിക്കറ്റ് കളിക്കാന്‍ ശ്രീശാന്തിന് തടസ്സമില്ല. ഒത്തുകളി കേസ് കോടതി തള്ളിയതിനാല്‍ വിലക്ക് നിലനില്‍ക്കില്ല.

ബിസിസിഐയുടെ നടപടി സ്വാഭാവികനീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ നടപടി തുടരാനാകില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി വിലക്ക് നീക്കിയത്. ശ്രീശാന്തിനെ പോലെയൊരു കളിക്കാരനെ അധികകാലം മാറ്റിനിര്‍ത്താന്‍ കഴിയില്ല.

ശ്രീശാന്തിനു വിലക്ക് ഏര്‍പ്പെടുത്തിയതുവഴി സ്വാഭാവിക നീതിയുടെ ലംഘനമുണ്ടായി. കുറ്റവിമുക്തനാക്കിയ കോടതി വിധി ബി.സി.സി.ഐ വിലയ്ക്കെടുക്കണമായിരുന്നു. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ബി.സി.സി.ഐയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി എന്നും കോടതി വിലയിരുത്തി.

കരിയറിലെ നിര്‍ണായക വര്‍ഷങ്ങള്‍ കവര്‍ന്നെടുത്ത വിവാദക്കേസിലെ ഹൈക്കോടതി വിധി കേള്‍ക്കാന്‍ ശ്രീശാന്ത് കോടതിയില്‍ എത്തിയിരുന്നു. ഇക്കാലമത്രെയും ഉറച്ച പിന്തുണ നല്‍കി കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു.

വിലക്കു നീക്കിയ സാഹചര്യത്തില്‍ കേരള ടീമിലേക്കും ഇന്ത്യന്‍ ടീമിലേക്കും തിരിച്ചുവരാനുള്ള എല്ലാ അവകാശവും ശ്രീശാന്തിനുണ്ടെന്ന് കെസിഎ പ്രസിഡന്റ് വിനോദ് കുമാര്‍ പ്രതികരിച്ചു. ശ്രീശാന്ത് നമ്മുടെ പയ്യനാണ്. അദ്ദേഹം ഒത്തുകളിക്കേസില്‍ ഉള്‍പ്പെട്ടത് ഏറെ വേദനയുണ്ടാക്കിയിരുന്നു. വിലക്കു നീങ്ങിയ സാഹചര്യത്തില്‍ ശ്രീശാന്ത് കേരള ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ അര്‍ഹനാണ്. ഇന്ത്യന്‍ ടീമിലേക്കും ശ്രീശാന്തിന് തിരിച്ചെത്താം എന്നും വിനോദ് കുമാര്‍ പറഞ്ഞു.

ശ്രീശാന്തിന്റെ വിലക്കു നീക്കിയതില്‍ സന്തോഷമുണ്ടെന്ന് ബിസിസിഐ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ടി.സി. മാത്യുവും പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ ബിസിസിഐ അപ്പീല്‍ പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിലക്കു നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയ്ക്കു കത്തെഴുതാന്‍ ശ്രീശാന്തിനെ പ്രേരിപ്പിച്ചത് മാത്യുവാണ്.

ബിസിസിഐ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാന്‍ ആകുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.ബിസിസിഐ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടുകള്‍ക്ക് ആധാരമാക്കിയതു ഡല്‍ഹി പൊലീസ് നല്‍കിയ വിവരങ്ങളാണെന്നും പൊലീസിന്റെ വാദങ്ങള്‍ തള്ളി പട്യാല സെഷന്‍സ് കോടതി തന്നെ കേസില്‍ കുറ്റവിമുക്തനാക്കിയതാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

ഐപിഎല്‍ ആറാം സീസണില്‍ ഒത്തുകളിവിവാദത്തെ തുടര്‍ന്ന് 2013 ഒക്ടോബറിലാണ് ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. ദേശീയ, രാജ്യാന്തര മല്‍സരങ്ങളിലുള്‍പ്പെടെ വിലക്കേര്‍പ്പെടുത്തിയതിന് പുറമെ ബിസിസിഐയുടെ കീഴിലുളള സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനും ശ്രീശാന്തിനെ തടഞ്ഞിരുന്നു.