ട്രംപിന്റെ ട്വീറ്റുകളടങ്ങിയ ടോയ്‌ലെറ്റ് പേപ്പറുകള്‍ക്ക് ആമസോണില്‍ വന്‍ ഡിമാന്റ്

single-img
6 August 2017


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകളടങ്ങിയ ടോയ്‌ലെറ്റ് പേപ്പറുകള്‍ ആമസോണില്‍ സൂപ്പര്‍ ഹിറ്റ്. സോഷ്യല്‍ മീഡിയയായ ട്വിറ്ററില്‍ ഏറെ ശ്രദ്ധേ നേടിയ 10 ട്വീറ്റുകള്‍ ഉള്‍പ്പെടുത്തിയ ടോയ്‌ലെറ്റ് പേപ്പറുകളാണ് ആമസോണില്‍ വില്‍പ്പനക്കെത്തിച്ചത്.

ടോയിലറ്റ് ട്വീറ്റ് എന്ന റീട്ടെയില്‍ സ്ഥാപനമാണ് ഇത് ആമസോണില്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വില്‍പ്പനയ്‌ക്കെത്തിയ ടോയിലറ്റ് പേപ്പറുകള്‍ മുഴുവനും രണ്ട് ദിവസം കൊണ്ടുതന്നെ വിറ്റു തീരുകയായിരുന്നു.

ഈ സാഹചര്യത്തില്‍ പുതിയ സ്റ്റോക്കുകള്‍ ഉടന്‍ എത്തിക്കാനുള്ള തീരുമാനത്തിലാണ് ആമസോണ്‍. 9.99 ഡോളര്‍ മുതല്‍ 12.95 ഡോളര്‍ വരെയാണ് ഇവയുടെ വില. വില കൂടുതലാണെങ്കിലും ട്രംപിന്റെ ട്വീറ്റുകള്‍ പ്രിന്റ് ചെയ്ത പേപ്പറിന് വലിയ ഡിമാന്റ് ആണ്.

ട്രംപിനെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ നേരത്തേയും ട്രംപിന്റെ മുഖമുള്ള ടോയിലറ്റ് പേപ്പറുകള്‍ ആമസോണ്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ട്രംപിന്റെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങളിലുള്ള ടോയ്‌ലെറ്റ് പേപ്പറുകള്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗിലാണ് വില്‍പ്പന നടക്കുന്നത്. ട്രംപിനു പുറമേ ബരാക് ഒബാമയുടെയും ലോക നേതാക്കളുടേയും മുഖചിത്രങ്ങള്‍ പതിപ്പിച്ച ടോയ്‌ലെറ്റ് പേപ്പറുകളും ആമസോണില്‍ ലഭ്യമാണ്.