ദിലീപിനെ പിന്തുണച്ച് നിര്‍മാതാവ് ജി. സുരേഷ് കുമാര്‍: താരത്തെ ഇല്ലാതാക്കാനുള്ള ശ്രമം ശക്തം

single-img
6 August 2017

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനാ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ ശക്തമായി പിന്തുണച്ച് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍. താരത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തെറ്റുചെയ്യാത്ത ആളെയാണ് ശിക്ഷിക്കുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിക്കാന്‍ ശ്രമിക്കുന്നത് ആരെന്നു കണ്ടെത്തണമെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ഡി സിനിമാസിന് യാതൊരു ബന്ധവുമില്ല.

താരവും ബിസിനസ്സുകാരനും വിതരണക്കാരനുമായി ദിലീപിന് പലയിടത്തും നിക്ഷേപങ്ങളുണ്ടാകും. ഡി സിനിമാസിന്റെ നിയമലംഘനം കണ്ടെത്താന്‍ പറ്റാത്തപ്പോള്‍ ജനറേറ്ററിന്റെ പേരില്‍ പൂട്ടിക്കാന്‍ മനപൂര്‍വ്വം ശ്രമിക്കുകയാണ്. ദിലീപിനെതിരെ ഘോരഘോരം സംസാരിച്ച രാഷ്ട്രീയക്കാര്‍ ആരെയും പീഡനക്കേസില്‍ എംഎല്‍എ അറസ്റ്റിലായപ്പോള്‍ കണ്ടില്ല. ചാനലുകള്‍ കയറിയിറങ്ങി ദിലീപിനെ ചീത്തവിളിക്കുന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ കാര്യത്തില്‍ എന്തുവേണമെന്നു സിനിമസംഘടനകള്‍ പിന്നീട് ചര്‍ച്ച ചെയ്യുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.