എയർ ഇന്ത്യ വിമാനം ‘പണി കൊടുത്തു’: കുഞ്ഞാലിക്കുട്ടിക്കും അബ്ദുള്‍ വഹാബിനും വോട്ട് ചെയ്യാനായില്ല

single-img
5 August 2017

 

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള ലീഗ് എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിക്കും പി.വി.അബ്ദുൾ വഹാബിനും വോട്ട് ചെയ്യാനായില്ല. വോട്ട് ചെയ്യാനുള്ള സമയം കഴിഞ്ഞതിനെത്തുടര്‍ന്നാണ് അവസരം നിഷേധിച്ചത്. അഞ്ച് മണിക്കാണ് വോട്ടിംഗ് സമയം അവസാനിച്ചത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയും അബ്ദുള്‍ വഹാബും എത്തിയത് 5.10നാണ്. വിമാനം വൈകിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് പാര്‍ലമെന്റില്‍ കൃത്യസമയത്ത് എത്താന്‍ സാധിക്കാതിരുന്നത്.

 

രാവിലെ പത്തു മണിക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് കുഞ്ഞാലിക്കുട്ടിയും അബ്ദുൽ വഹാബും ഡൽഹിയിലേക്കു തിരിച്ചത്. മുംബൈയിൽ സ്റ്റോപ്പുള്ള വിമാനം സാങ്കേതിക തകരാർ മൂലം അവിടെനിന്നും പുറപ്പെടാൻ വൈകി. തകരാർ ഉടൻ പരിഹരിക്കുമെന്ന എയർ ഇന്ത്യ അധികൃതരുടെ വാക്കു വിശ്വസിച്ച എംപിമാർക്ക്, പുറത്തിറങ്ങി മറ്റൊരു വിമാനത്തിൽ കയറാനും സാധിച്ചില്ല.

 

പിന്നീട് അഞ്ച് മണിക്കൂർ വൈകിയാണ് വിമാനം മുംബൈയിൽനിന്നും യാത്ര പുറപ്പെടുന്നത്. ഉച്ചയ്ക്കു മുമ്പ് എത്തേണ്ട വിമാനം ഡൽഹിയിൽ എത്തിയത് വൈകിട്ടോടെ. ഡൽഹി വിമാനത്താവളത്തിൽനിന്നും പാർലമെന്റ് മന്ദിരത്തിലേക്ക് എത്തിയപ്പോഴേക്കും വോട്ടെടുപ്പ് അവസാനിക്കുകയും ചെയ്തു.

 

വോട്ടു ചെയ്യാനുള്ള അവസരം നഷ്ടമാക്കിയത് എയർ ഇന്ത്യയുടെ അലംഭാവമാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എയർ ഇന്ത്യയ്ക്കെതിരെ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. എയർ ഇന്ത്യയുടെ കാര്യക്ഷമതയില്ലായ്മ പ്രധാനമന്ത്രിയുടെയും സ്പീക്കറുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.