ട്രെയിനില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ കൂടുംബത്തിന് സിപിഐഎം പത്തുലക്ഷം രൂപ ധനസഹായം നല്‍കും

single-img
5 August 2017

തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനില്‍ വച്ച് ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ ഹരിയാനയിലെ ജുനൈദിന്റെ കുടുംബത്തിന് സിപിഐ എം പത്തുലക്ഷം രൂപ ധനസഹായം നല്‍കും. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലാണ് ജുനൈദിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നത് സംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം ജുനൈദിന്റെ കുടുംബം ഡല്‍ഹിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. ബൃന്ദാകാരാട്ടിനൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച കുടുംബം കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചുകൊണ്ടാണ് സിപിഐ എം സംസ്ഥാനകമ്മിറ്റി ഈ തുക നല്‍കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി വഴി ഈ തുക ജുനൈദിന്റെ കുടുംബത്തിന് നല്‍കുന്നതാണ്.

ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ച് പതിനാറുകാരനായ ജുനൈദിനെ ട്രെയിനില്‍ വെച്ച് കുത്തിക്കൊല്ലുകയായിരുന്നു. പെരുന്നാളിന് മുമ്പായി ഡല്‍ഹി ജുമാ മസ്ജിദ് സന്ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം്. തുഗ്ലക്കാബാദില്‍ നിന്നു നോമ്പു തുറയ്ക്കായുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജുനൈദിനെയും ഹാഷിം, ഷാക്കിര്‍ എന്നിവരെയും ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. ‘ബീഫ് തീനി’കളെന്നും ദേശവിരുദ്ധരെന്നും ആക്രോശിച്ചായിരുന്നു ആക്രമണം.