ഉപരാഷ്ട്രപതി ഡമ്മി തിരഞ്ഞെടുപ്പ്; ബിജെപിയുടെ 16 വോട്ടുകള്‍ അസാധു

single-img
5 August 2017

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ നടത്തിയ വോട്ടെടുപ്പില്‍ 16 വോട്ടുകള്‍ അസാധുവായി. ബിജെപിയും സഖ്യകക്ഷികളുടെയും എംപിമാര്‍ക്കുവേണ്ടിയാണ് വെള്ളിയാഴ്ച വോട്ടിങ് പരിശീലനവും ഡമ്മി വോട്ടെടുപ്പും നടന്നത്. ശനിയാഴച നടക്കുന്ന വോട്ടെടുപ്പില്‍ ബിജെപി വോട്ടുകളെല്ലാം ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. അസാധുവാകാതെ ശരിയായ സ്ഥാനാര്‍ഥിക്ക് എങ്ങനെ വോട്ട് രേഖപ്പെടുത്തണമെന്ന പരിശീലനമായിരുന്നു ആദ്യം നടന്നത്. അതിനു ശേഷമായിരുന്നു വോട്ടെടുപ്പ്. എന്നാല്‍ വോട്ടെടുപ്പില്‍ 16 പേര്‍ ചെയ്തത് അസാധു വോട്ടുകളായിരുന്നു.

ഇവര്‍ക്ക് വീണ്ടും വോട്ട് രേഖപ്പെടുത്തുന്നതില്‍ പരിശീലനം നല്‍കി. വോട്ടര്‍മാരായ എംപിമാരുടെ പ്രകടനത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിരാശ പ്രകടിപ്പിച്ചു. ശനിയാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ പ്രത്യേകം നിര്‍ദേശം നല്‍കി. വോട്ടെടുപ്പിന് മുമ്പ് എല്ലാ എംപിമാരും പാര്‍ലമെന്റ് ലൈബ്രറിയില്‍ എത്തിച്ചേരാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ന് വീണ്ടും പരിശീലനമുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ച മുന്‍പ് നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 21 അസാധു വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതില്‍ ഭൂരിപക്ഷവും ബിജെപി എംപിമാരുടേതായിരുന്നു. കഴിഞ്ഞ ആഴ്ച ചേര്‍ന്ന ഒരു പാര്‍ട്ടി യോഗത്തില്‍ വോട്ട് രേഖപ്പെടുത്തുക എന്ന നിസ്സാരമായ പ്രക്രിയ ശരിയായി ചെയ്യാന്‍ സാധിക്കാത്തതിന് ബിജെപി എംപിമാരെ അമിത് ഷാ ശക്തമായി വിമര്‍ശിച്ചിരുന്നു.

ബിജെപി എംപിമാരുടെ ഭാഗത്ത് നിന്ന് വലിയ തോതില്‍ അസാധു വോട്ടുകള്‍ ഉണ്ടാവുന്നത് ആശങ്കയോടെയാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി മുന്‍ ദേശീയ അധ്യക്ഷനുമായ വെങ്കയ്യനായിഡുവാണ് എന്‍.ഡി.എ ഉപരാഷ്ട്രപതി. ബംഗാള്‍ മുന്‍ ഗവര്‍ണറും ഗാന്ധിജിയുടെ ചെറുമകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയുമാണ് പ്രതിപക്ഷസ്ഥാനാര്‍ഥി.