മാനഭംഗവും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധവും തമ്മിലുള്ള വേര്‍തിരിവ് ആവശ്യം;ബന്ധം തകരുമ്പോൾ ചില സ്ത്രീകൾ പകരം വീട്ടാന്‍ നിയമം ദുരുപയോഗിക്കുന്നു: ഡല്‍ഹി ഹൈക്കോടതി

single-img
5 August 2017

 


ന്യൂഡല്‍ഹി: സ്ത്രീ സുരക്ഷാ നിയമങ്ങളെ ദുരുപയോഗിക്കുന്നതിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ പിന്നീടുണ്ടാകുന്ന പിണക്കങ്ങളുടെ പേരില്‍ കണക്ക് തീര്‍ക്കാനുപയോഗിക്കുന്നതായാണ് കോടതി നിരീക്ഷച്ചത്. മാനഭംഗക്കേസില്‍ ആരോപണ വിധേയനായ ഒരാളെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് പരാതിക്കാരി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
മാനഭംഗവും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധവും തമ്മിലുള്ള വേര്‍തിരിവ് ആവശ്യമാണെന്നും പ്രത്യേകിച്ച്, വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധത്തിന്റെ കാര്യത്തിലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പ്രതിഭ റാണിയുടെ ബെഞ്ചിന്റേതാണ് നിര്‍ണായകമായ ഈ നിരീക്ഷണം. ഇത്തരം പല സംഭവങ്ങളും കോടതിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടുപേര്‍ സ്വന്ത ഇഷ്ടപ്രകാരവും സമ്മതത്തോടെയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ബന്ധത്തില്‍ തകര്‍ച്ചയുണ്ടാകുമ്പോള്‍ പുരുഷനെതിരെ പക വീട്ടുന്നതിനുള്ള ആയുധമായി നിയമത്തെ സ്ത്രീകള്‍ ദുരുപയോഗിക്കുകയും ചെയ്യുന്നുവെന്ന് കോടതി പരാമര്‍ശിച്ചു.

ഐപിസി 328,376 വകുപ്പുകള്‍ പ്രകാരം ഒരു യുവാവിനെതിരെ യുവതി നല്‍കിയ പരാതിയിലാണ് കോടതിയുടെ നിരീക്ഷണത്തിന് ആധാരം. വിചാരണ കോടതിയില്‍ തന്റെ പരാതി പിന്‍വലിച്ച യുവതി തെറ്റിദ്ധാരണ മൂലമാണ് പരാതി നല്‍കിയതെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ശാരീരിക ബന്ധം നടന്നതെന്നും വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് വിചാരണ കോടതി യുവാവിനെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇതേ യുവതി തന്നെ വിചാരണ കോടതി വിധി ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതി തന്നെ സ്വാധീനിച്ച് അനുകൂല നിലപാട് എടുപ്പിക്കുകയായിരുന്നെന്നും കാണിച്ചായിരുന്നു അവര്‍ മേല്‍ക്കോടതിയെ സമീപിച്ചത്.

എന്നാല്‍ യുവതി വിചാരണ കോടതിയെ 2015 ഓഗസ്റ്റില്‍ അറിയിച്ചതുപ്രകാരം തെറ്റിദ്ധാരണമൂലമാണ് പരാതി നല്‍കിയതെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. 2015 നവംബറില്‍ ഇവര്‍ വിവാഹിതരുമായി. തെറ്റിദ്ധരിപ്പിച്ചാണ് പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയതെന്ന് പറയാന്‍ ഇതുമൂലം കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

കേസ് റദ്ദാക്കുന്നതിനും അവര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പ്രതിയെ വെറുതെവിട്ടത്. അതുകൊണ്ട് വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്യാന്‍ മതിയായ കാരണങ്ങള്‍ നിരത്താന്‍ യുവതിക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.