ഒരു ഫേസ്ബുക്ക് ക്വട്ടേഷൻ;കാർ അടിച്ച് മാറ്റിയ കള്ളന്റെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി ഉടമ

single-img
5 August 2017

ചെന്നൈ: അച്ഛന്റെ കാര്‍ അടിച്ചുമാറ്റാന്‍ യുവതിയുടെ വക ക്വട്ടേഷന്‍. നല്‍കിയത് മറ്റാര്‍ക്കുമല്ല തന്റെ ഫേസ്ബുക്ക് ഫ്രണ്ടിന്. കോടമ്പക്കം സ്വദേശിയായ വ്യവസായിയുടെ മകളാണ് കാര്‍ അടിച്ചുമാറ്റാന്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പി.ചന്ദ്രു എന്ന ആള്‍ക്ക് ക്വട്ടേഷൻ നല്‍കിയത്. ഇയാള്‍ കാര്‍ മോഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രു പിടിയിലാകുന്നതും മോഷണത്തില്‍ മകളുടെ പങ്ക് വെളിപ്പെടുന്നതും. കഴിഞ്ഞയാഴ്ചയാണ് വ്യവസായിയായ ഷണ്‍മുഖരാജന്റെ സൈലോ കാര്‍ മോഷണം പോകുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാസര്‍പാഡിയിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന കാര്‍ കണ്ടെത്തി. തുടര്‍ന്ന് ചന്ദ്രു അറസ്റ്റിലാകുകയായിരുന്നു.

ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വ്യവസായിയുടെ മകളുടെ പങ്ക് വെളിപ്പെടുത്തുകയും ചെയ്തു. ഒരു മാസം മുമ്പാണ് ചന്ദ്രുവും യുവതിയും ഫേസ്ബുക്കില്‍ പരിചയപ്പെടുന്നത്. പിന്നീട് പോക്കറ്റ് മണിക്കു വേണ്ടി യുവതി ചന്ദ്രുവിന് അച്ഛന്റെ കാര്‍ മോഷ്ടിക്കാന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഇതിനായി കാറിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കി നല്‍കുകയും ചെയ്തു. എന്നാല്‍ മോഷ്ടിച്ച കാര്‍ വില്‍ക്കുന്നതിന് മുമ്പ് ചന്ദ്രുവിനെ പോലീസ് പിടികൂടുകയായിരുന്നു. യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.