രാഹുല്‍ ഗാന്ധിക്കെതിരെ ആക്രമണം: ബിജെപി നേതാവ് പിടിയില്‍

single-img
5 August 2017

ന്യൂഡല്‍ഹി: ഗുജറാത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഹനത്തിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ബിജെപി പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ബനാസ്‌കാന്ത ജില്ലാ ജനറല്‍ സെക്രട്ടറി ജയേഷ് ദാര്‍ജിലാണ് അറസ്റ്റിലായത്. തനിക്കെതിരായ ആക്രമണത്തിനു പിന്നില്‍ ബിജെപിയും ആര്‍എസഎസുമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. അഹമ്മദാബാദില്‍ നിന്ന് ഇരുനൂറോളം കിലോമീറ്റര്‍ അകലെ ബനാസ്‌കാന്തയിലെ ധനേറിയിലാണ് രാഹുലിന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത്. രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പിന്‍ഭാഗത്തെ ജനല്‍ച്ചില്ല് കല്ലേറില്‍ പൊട്ടി.

മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന രാഹുല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അംഗരക്ഷകരായ കമാന്‍ഡോകളില്‍ ചിലര്‍ക്ക് പരുക്കേറ്റിരുന്നു. മനോത്രയിലും സമീപപ്രദേശങ്ങളിലും പ്രളയത്തില്‍ കുടിയൊഴിക്കപ്പെട്ട ജനങ്ങളുമായി സംസാരിച്ച ശേഷമാണ് രാഹുല്‍ ധനേറിലെത്തിയത്. അവിടെ പ്രസംഗിക്കാനും ഉദ്ദേശ്യമുണ്ടായിരുന്നെങ്കിലും ആക്രമണം കാരണം റദ്ദാക്കി. ധനേറ ഹെലിപ്പാഡിലേക്കുള്ള വഴിയിലും കാറിനു നേരെ ആക്രമണം തുടര്‍ന്നു. ഈ ആക്രമണത്തിലാണ് കാറിന്റെ പിന്‍ചില്ലു തകര്‍ന്നത്. നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ ബിജെപിക്കാരാണ് ആക്രമണം നടത്തിയതെന്നാണ് ആദ്യം മുതലേ കോണ്‍ഗ്രസിന്റെ നിലപാട്. അതേസമയം, അസംപ്തൃപ്തരായ ജനക്കൂട്ടമാണ് അക്രമത്തിനു പിന്നാലെയായിരുന്നു ബിജെപിയുടെ പ്രതികരണം.