കോഴിക്കോട്ട് വാഹനാപകടത്തില്‍ മൂന്ന് കുട്ടികളടക്കം ആറ് പേര്‍ മരിച്ചു

single-img
5 August 2017


കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരി അടിവാരത്തിന് സമീപം കൈതപ്പൊയിലില്‍ നിയന്ത്രണംവിട്ട ബസ് ജീപ്പിലും കാറിലുമിടിച്ച് മൂന്ന് കുട്ടികളടക്കം ആറ് പേര്‍ മരിച്ചു. കോഴിക്കോട്ടുനിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോയ രാജഹംസം ബസാണ് നിയന്ത്രണം വിട്ടത്. ഉച്ചക്ക് 2.30 യോടെയായിരുന്നു അപകടം.

മരിച്ചവരില്‍ ജിഷ, ഫാത്തിമ എന്നീ കുട്ടികളേയും ജീപ്പ് ഡ്രൈവര്‍ പ്രമോദിനേയും തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിക്കേറ്റ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്. കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വകാര്യബസ് വയനാട് ഭാഗത്ത് നിന്ന് വന്ന ജീപ്പിലേക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതം മാറും മുന്‍പേ പിന്നിലുണ്ടായിരുന്ന കാറും, അതിന് പിന്നിലുണ്ടായിരുന്ന ബസും ജീപ്പിലേക്ക് ഇടിച്ചു കയറി ജീപ്പ് പൂര്‍ണമായും തകരുകയായിരുന്നു.

അപകടം നടന്നയുടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തനം തുടങ്ങി. പോലീസ് എത്തുമ്പോഴേക്കും പരിക്കേറ്റവരെ കിട്ടിയ വണ്ടികളില്‍ മെഡിക്കല്‍ കോളേജിലേക്ക് നാട്ടുകാര്‍ മാറ്റി തുടങ്ങിയിരുന്നു. പിന്നീട് പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ച് മുഴുവന്‍ പേരെയും പുറത്തിറക്കി.

അപകടത്തെ തുടര്‍ന്ന് വയനാട് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. മൂന്ന് പേര്‍ അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചുവെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. മരിച്ചവരിലേറേയും ജീപ്പിലുണ്ടായിരുന്നവരാണ്. അപകടത്തില്‍ രണ്ട് ബസിലേയും ജീപ്പിലേയും കാറിലേയും യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.