സുഗതകുമാരിയുടെ തറവാട് പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നു

single-img
5 August 2017

കോഴഞ്ചേരി: കവയത്രി സുഗതകുമാരിയുടെ ആറന്മുള വാഴുവേലില്‍ തറവാട് സംരക്ഷിക്കാന്‍ പുരാവസ്തു വകുപ്പ് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ആറന്മുള കിഴക്കേനടയിലുള്ള വാഴുവേലില്‍ തറവാട് സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

സ്വാതന്ത്ര്യ സമര സേനാനിയും സുഗതകുമാരിയുടെ അച്ഛനുമായിരുന്ന ബോധേശ്വരന്‍, സുഗതകുമാരിയുടെ അമ്മയും തിരുവിതാംകൂര്‍ സ്ത്രീകളില്‍ ആദ്യ എംഎ ബിരുദധാരിയായ കാര്‍ത്ത്യായനി, സുഗതകുമാരിയുടെ സഹോദരങ്ങളായ വിദ്യാഭ്യാസ വിദഗദ്ധ ഡോ. ഹൃദയകുമാരി, കവയത്രി സുഗതകുമാരി, കവയത്രിയും യാത്രാവിവരണ കൃതികളുടെ കര്‍ത്താവുമായ ഡോ. സുജാതാദേവി തുടങ്ങി സാംസ്‌കാരിക സാഹിത്യലോകത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ വീടാണിത്.

സുഗതകുമാരിയുടെ അഭ്യര്‍ഥനപ്രകാരമാണ് വസ്തുവും 250 ലധികം വര്‍ഷം പഴക്കമുള്ള കെട്ടിടവും ഏറ്റെടുക്കാനാവശ്യമായ നടപടി ആരംഭിച്ചത്. അറയും നിരയുമുള്ള ഏകശാലയും അടുക്കളയും മൂന്നില്‍ രണ്ടുമുറിയുള്ള മറ്റൊരു കെട്ടിടവുമാണ് 65 സെന്റ് വസ്തുവിലുള്ളത്.

അതിപുരാതനമായ രേഖകളും കെട്ടിടങ്ങളും ഉപകരണങ്ങളുമൊക്കെ ഭൂതകാലത്തിന്റെ സ്പന്ദനങ്ങളാണ്. ഉല്‍കൃഷ്ടമായ ചരിത്രരേഖകള്‍ കാലാനുവര്‍ത്തിയായി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ആ ഉത്തരവാദിത്വമാണ് ഗവണ്‍മെന്റ് ഗൗരവപൂര്‍വം ഏറ്റെടുക്കുന്നത്. പുരാവസ്തു വകുപ്പ് സ്ഥലവും കെട്ടിടവും ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ കുടുംബക്കാരുമായി ചര്‍ച്ച ചെയ്ത് അന്തിമമായി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.