ആക്രമണത്തിനു പിന്നിൽ ബിജെപിയെന്ന് രാഹുൽ;അക്രമം നരേന്ദ്ര മോഡിയുടെ പ്രവര്‍ത്തന ശൈലി

single-img
5 August 2017


ന്യൂഡല്‍ഹി: ഗുജറാത്തില്‍വച്ച് തനിക്കെതിരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ബിജെപിയും ആര്‍എസ്എസ്സുമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത് ബിജെപി ഗുണ്ടകളാണെന്ന് നേരത്തെ കോണ്‍ഗ്രസും ആരോപിച്ചിരുന്നു.

‘ആ കല്ല് തനിക്കു സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥന്റെ ദേഹത്താണ് പതിച്ചത്. മോദിയുടെയും ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയാണിത്. ഇതേക്കുറിച്ച് കൂടുതല്‍ എന്തു പറയാനാണ്? അവരു തന്നെ ആക്രമണം നടത്തിയ സ്ഥിതിക്ക് ഈ ആക്രമണത്തെ അപലപിക്കേണ്ട കാര്യം പോലും ബിജെപിക്കില്ലെന്നും’ രാഹുല്‍ പറഞ്ഞു.

ഗുജറാത്തിലെ ബനാകാന്ത ജില്ലയിലെ ധനേരയില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ പര്യടനം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സഞ്ചരിച്ച കാറിന് നേരെ കല്ലേറുണ്ടായത്. മോദി അനുകൂല മുദ്രാവാക്യം മുഴക്കിയെത്തിയ ആള്‍ക്കൂട്ടം രാഹുല്‍ സഞ്ചരിച്ച കാറിനു നേരെ കല്ലെറിയുകയുമായിരുന്നു. കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകരുകയും രാഹുലിന്റെ സുരക്ഷ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം ആരോപണങ്ങള്‍ പുച്ഛിച്ചുതള്ളി ബിജപിയും രംഗത്തെത്തി. രാഷ്ട്രീയക്കാരനെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയെ ഗൗരവത്തിലെടുക്കാത്ത സ്ഥിതിക്ക് തങ്ങള്‍ എന്തിന് ഇത്തരമൊരു ആക്രമണം നടത്തണമെന്നാണ് ബിജെപിയുടെ പക്ഷം. കല്ലേറിന്റെ പശ്ചാത്തലത്തില്‍, ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റി ഗുജറാത്തില്‍ രാഷ്ട്രീയ നാടകം കളിക്കുകയാണ് കോണ്‍ഗ്രസ് എന്നും ബിജെപി ആരോപിച്ചു.