ബിജെപി, ജനതാദള്‍ എസ് നേതാക്കൾക്കെതിരെ നടപടിക്കൊരുങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

single-img
5 August 2017

ബെംഗളൂരു: ബിജെപി, ജനതാദള്‍ എസ്. നേതാക്കള്‍ക്കെതിരേയുള്ള കേസുകളില്‍ തുടര്‍നടപടിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി. കര്‍ണാടക മന്ത്രി ഡി.കെ.ശിവകുമാറിന്റെ വീടുകളില്‍ നടത്തി വരുന്ന ആദായനികുതി റെയ്ഡ് രാഷ്ട്രീയ പകപ്പോക്കലാണെന്ന കോണ്‍ഗ്രസ് വിലയിരുത്തലിനെ തുടര്‍ന്നാണ് നിര്‍ദേശം. ലോകായുക്തയിലും അഴിമതി നിരോധന ബ്യൂറോയിലും ലഭിച്ച പരാതിയില്‍ വേഗത്തില്‍ നടപടി സ്വീകരിക്കാനും് നിര്‍ദേശമുണ്ട്.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ബി. എസ്. യെദ്യൂരപ്പ അടക്കം 17 നേതാക്കള്‍ക്കെതരേ ലോകായുക്തയില്‍ പരാതിയുണ്ട്. പരാതികളില്‍ വേഗത്തില്‍ പരിശോധന നടത്തി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കലുമായി ബന്ധപ്പെട്ട ബി.എസ്. യെദ്യൂരപ്പക്കെതിരെ ലോകായുക്ത എടുത്ത 15 കേസുകള്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കുകയും ഇതിനെതിരെ കര്‍ണാടക സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതില്‍ തിരഞ്ഞെടുപ്പിനുമുമ്പ് ഹര്‍ജി പരിഗണിക്കുന്നതിനുള്ള നടപടിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ അനധികൃത ഖനനം സബന്ധിച്ച് ലോകായുക്ത സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനതാദള്‍എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി അടക്കമുള്ള നേതാക്കള്‍ക്കെതിരേ അഴിമതിനിരോധന ബ്യൂറോ കേസെടുത്തിരുന്നു്. റിപ്പോര്‍ട്ടില്‍ പരാമര്‍ശ വിധേയരായ ബി.ജെ.പി. നേതാക്കളുടെ പേരിലും നടപടിയുണ്ടാകും. 2001 മുതല്‍ 2010 വരെ നടന്ന അനധികൃത ഖനനം സംബന്ധിച്ച റിപ്പോര്‍ട്ടാണ് ലോകായുക്ത സമര്‍പ്പിച്ചത്. കുമാരസ്വാമിയുടെയും യെദ്യൂരപ്പയുടെയും ഭരണക്കാലത്ത് നടന്ന ക്രമക്കേടുകള്‍ പൊടിതട്ടിയെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതോടൊപ്പം നേതാക്കളുടെ വീട്ടില്‍ അഴിമതിനിരോധന ബ്യൂറോ റെയ്ഡ് നടത്താനുമാണ് സാധ്യത.

അതേസമയം മന്ത്രി ഡി.കെ. ശിവകുമാറിന്റെ വീട്ടില്‍ നടന്ന റെയ്ഡിനെ നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബി.ജെ.പി.യുടെ രാഷ്ട്രീയ ഗൂഡാലോചനയാണ് റെയ്ഡിന് പിന്നിലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദായനികുതി റെയ്ഡിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എം.എല്‍.എ.മാരുമായി ചര്‍ച്ചനടത്തി. മന്ത്രി ഡി.കെ. ശിവകുമാറിന് പൂര്‍ണപിന്തുണ നല്‍കാനാണ് തീരുമാനം. ബി.ജെ.പി. നേതാക്കള്‍ക്കെതിരേയുള്ള അഴിമതിക്കേസുകളില്‍ നിയമനടപടി വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായി.