ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ നടപടി ശരിവെച്ച് സ്പീക്കര്‍

single-img
4 August 2017

മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ നടപടിയില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഗവര്‍ണറുടെ നടപടിയെ അധികാരപ്രയോഗമായി കാണരുതെന്നും സ്പീക്കര്‍ പറഞ്ഞു. കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നു. ജനാധിപത്യ പ്രക്രിയയില്‍ ഇത്തരം സൗഹൃദങ്ങള്‍ നല്ലതാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഗവര്‍ണര്‍ പി.സദാശിവത്തിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയതിനു പിന്നാലെയാണു സ്പീക്കറുടെ അഭിപ്രായ പ്രകടനമെന്നതു ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തിയെന്ന ഗവര്‍ണറുടെ ട്വീറ്റിനെതിരെയാണു കോടിയേരി വിമര്‍ശനമുന്നയിച്ചത്.

ഗവര്‍ണറുടെ നടപടി ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ തലയിടാന്‍ ആരെയും അനുവദിക്കില്ലെന്നും കോടിയേരി സിപിഎം മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.