മഅ്ദനി നാട്ടില്‍ വരും: സുപ്രീംകോടതി സുരക്ഷാ ചെലവ് കുറച്ചു

single-img
4 August 2017

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനിയുടെ കേരള യാത്രയുടെ ഭാഗമായുള്ള സുരക്ഷാ ചെലവ് സുപ്രീംകോടതി കുറച്ചു. മഅ്ദനി 1,18,000 രുപ നല്‍കിയാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു. കര്‍ണാടക നല്‍കിയ പുതുക്കിയ കണക്ക് പ്രകാരമാണ് നടപടി.

മഅ്ദനിക്ക് കേരളത്തില്‍ തങ്ങാവുന്ന തിയതികളിലും സുപ്രീംകോടതി മാറ്റം വരുത്തി. ഈ മാസം ആറു മുതല്‍ 19 വരെ മഅ്ദനിക്ക് കേരളത്തില്‍ തങ്ങാം. നേരത്തെ കോടതി അനുവദിച്ച നാല് ദിവസം നിയമപോരാട്ടങ്ങള്‍ക്കിടെ നഷ്ടമായതുകൊണ്ടാണ് അധിക ദിവസങ്ങളും കോടതി അനുവദിച്ചത്.

സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന വാദം കോടതി തള്ളി. വിചാരണ തടവുകാരുടെ മേല്‍ സുരക്ഷാ ചെലവ് ചുമത്തുന്നത് കീഴ്‌വഴക്കമാക്കരുത്. ഇക്കാര്യത്തില്‍ പ്രശാന്ത് ഭൂഷന്റെ വാദം കോടതി അംഗീകരിച്ചു.

തന്റെ കേരള യാത്രയുടെ സുരക്ഷയ്ക്കുള്ള പണം സ്വന്തം പോക്കറ്റില്‍ നിന്നും നല്‍കാമെന്ന് മഅദനി സുപ്രീംകോടതിയില്‍ വ്യക്തമാക്കിയതിന് പിന്നാലെ 14 ലക്ഷം രൂപ ചിലവ് വരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ നിലപാടെടുത്തു. ഇതോടെ യാത്ര പ്രതിസന്ധിയിലായ മഅദനി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

കര്‍ണാടക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി ഭീമമായ തുക സുരക്ഷ ചെലവിന് വേണ്ടിവരുമെന്ന നിലപാട് അംഗീകരിച്ചില്ല. പിന്നീടാണ് ചിലവ് 1,18,000 എന്ന നിരക്കായി കോടതി നിശ്ചയിച്ചത്.

ഒന്‍പതാം തീയതി തലശേരിയില്‍ വച്ചാണ് മഅദനിയുടെ മകന്റെ വിവാഹം. ഇതിന് ശേഷം അര്‍ബുദരോഗിയായ മാതാവിനെയും കണ്ട ശേഷമാവും മഅദനി ജയിലിലേയ്ക്ക് തിരിച്ചുപോവുക.