ഇസ്ലാമിക് സ്‌റ്റേറ്റ്‌സുമായി ബന്ധം: ആലപ്പുഴ സ്വദേശിയടക്കം ആറ് പേര്‍ പിടിയില്‍

single-img
4 August 2017

ആഗോള തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ്‌സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആറ് പേരെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ആലപ്പുഴ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇവിടെനിന്നു ഐഎസ് ബന്ധം തെളിയിക്കുന്ന ലഘുലേഖകളും മൊബൈല്‍ ഫോണുകളും ഡിവിഡികളും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

കേരളത്തില്‍നിന്നും ഐഎസില്‍ ചേര്‍ന്ന കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ റഷീദുമായി ആലപ്പുഴ സ്വദേശി നിരന്തര സമ്പര്‍ക്കം നടത്തിയതായും തെളിവുകള്‍ ലഭിച്ചിരുന്നു. ആലപ്പുഴ സ്വദേശിയെ എന്‍ഐഎ ചോദ്യം ചെയ്തു വരുകയാണ്. കണ്ണൂര്‍ കനകമലയില്‍ ഇസ്ലാമിക സ്റ്റേറ്റുമായി ബന്ധപ്പെട്ട രഹസ്യയോഗം നടത്തിയതിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്.

നേരത്തെ മലയാളികള്‍ അടക്കം ഐഎസ് ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ കോയമ്പത്തൂരില്‍നിന്നും പാനൂരില്‍നിന്നും എന്‍ഐഎ പിടികൂടിയിരുന്നു. ഇതേതുടര്‍ന്നു എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് ആറ് പേരെ പിടികൂടിയത്.

കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന് ഗൂഢാലോചന നടത്തിയ കേസില്‍ ഏഴുപേര്‍ക്കെതിരെ എന്‍.ഐ.എ കഴിഞ്ഞയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കനകമല ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ രാജ്യത്തിനെതിരെ യുദ്ധംചെയ്യാനും വിദേശികള്‍ അടക്കമുള്ളവരെ അപായപ്പെടുത്താനും ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.