ഫെയ്‌സ്ബുക്ക് പ്രണയം വീട്ടുകാര്‍ എതിര്‍ത്തു: സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പതിനേഴുകാരനൊപ്പം ഒളിച്ചോടി

single-img
4 August 2017

അടിമാലി: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പതിനേഴുകാരനോടൊപ്പം ഒളിച്ചോടി പതിനഞ്ചുകാരി. അടിമാലിക്കാരിയായ പെണ്‍കുട്ടിയും കൊല്ലം സ്വദേശിയായ ആണ്‍കുട്ടിയുമാണ് ഒളിച്ചോടിയതിനെ തുടര്‍ന്ന് പോലീസ് പിടിയിലായിരിക്കുന്നത്. കാണാതായതിന് പിന്നാലെ പോലീസ് പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചതാണ് സംഭവത്തില്‍ വഴിത്തിരിവായത്.

കഴിഞ്ഞ ദിവസം അടിമാലി പത്താംമൈല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണ്‍മാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ട് സ്‌കൂള്‍ വിട്ട് പെണ്‍കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് പെണ്‍കുട്ടി ഫെയ്‌സ്ബുക്ക് പ്രണയത്തില്‍ കുരുങ്ങിയിരുന്നതായി വിവരം ലഭിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം സ്വദേശിയായ പ്ലസ്ടൂ വിദ്യാര്‍ത്ഥിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊല്ലം അഞ്ചാലുംമൂട് പോലീസിന്റെ സഹായത്തോടെ ഇരുവരെയും കണ്ടെത്തുകയായിരുന്നു.

ഫെയ്‌സ്ബുക്ക് പ്രണയം അറിഞ്ഞ വീട്ടുകാര്‍ വഴക്കുപറഞ്ഞതില്‍ പ്രകോപിതയായ പെണ്‍കുട്ടി തന്നെ കാമുകനെ അടിമാലിയില്‍ വിളിച്ചുവരുത്തി ഒപ്പം പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം നേരില്‍ കാണുന്നതിന് അടിമാലിയിലെത്തിയ ആണ്‍കുട്ടിയോടൊപ്പം പെണ്‍കുട്ടി പോവുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ആണ്‍കുട്ടിയുടെ കൊല്ലത്തെ വീട്ടിലെത്തിയെങ്കിലും രക്ഷിതാക്കള്‍ സ്വീകരിക്കാന്‍ തയ്യാറാകാതെ നില്‍ക്കുന്നതിനിടെയാണ് പോലീസ് എത്തുന്നത്.

തുടര്‍ന്ന് ബുധനാഴ്ച അടിമാലി എസ്.ഐ സന്തോഷ് സജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊല്ലത്തെത്തി ഇരുവരെയും അടിമാലിയിലേക്ക് കൊണ്ടുവന്നു. വീട്ടുകാരുടെ പരാതി പ്രകാരം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കുറ്റത്തിന് ആണ്‍കുട്ടിക്കെതിരെ കേസെടുത്തു. പയ്യനെ തൊടുപുഴ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.

അടിമാലി സ്റ്റേഷന്‍ പരിധിയില്‍ ഒരു മാസത്തിനുള്ളില്‍ രണ്ടാമത്തെ സമാന സംഭവമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടി ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട മൂന്നാറിലുള്ള കാമുകനെ തേടി അടിമാലിയില്‍ എത്തിയിരുന്നു.

രാത്രി ഒന്‍പതു മണിയോടെ അടിമാലി ടൗണില്‍ ബസിറങ്ങിയ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ സ്വകാര്യ ബസ് ജീവനക്കാരാണ് പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ആണ്‍കുട്ടിയെ വിളിച്ചു വരുത്തി അന്വേഷണം നടത്തുകയും പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയയ്ക്കുകയുമായിരുന്നു.