ദിലീപിനെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമമോ?

single-img
3 August 2017
തിരുവനന്തപുരം: യുവനടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ച് മുന്നേറുമ്പോഴും അന്വേഷണം അട്ടിമറിക്കാന്‍ പൊലീസ് സേനയ്ക്കുള്ളില്‍ തന്നെ ശ്രമം നടക്കുന്നതായി ആക്ഷേപം. നടന്‍ ദിലീപ് ഉള്‍പ്പെട്ട കേസ് അട്ടിമറിക്കാന്‍ സേനയിലെ ഉദ്യോഗസ്ഥര്‍ തന്നെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി അന്വേഷണ സംഘാംഗങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിച്ചു.
ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതായായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച നടന്‍ ദിലീപിന്റെ ആദ്യഭാര്യയെക്കുറിച്ച് അന്വേഷണം നടക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പിറവിയെടുത്തത്.
ഈ രണ്ടു വിഷയങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രചരണം കേസന്വേഷണത്തെ ബാധിച്ചതായി ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. അന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ സേനയ്ക്കുള്ളില്‍ നിന്നു നീക്കങ്ങളുണ്ടാകുന്നതായി എഡിജിപി ബി.സന്ധ്യയും ഡിജിപിയെ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച വാര്‍ത്തയെ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.
ഇത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം പോലീസ് നടത്തിയിരുന്നു. അന്വേഷണത്തെ അട്ടിമറിക്കാനും ചില ഉദ്യോഗസ്ഥരുടെ പ്രതിച്ഛായ മോശമാക്കാനും ലക്ഷ്യം വെച്ചായിരുന്നു വാര്‍ത്ത പ്രചരിച്ചതെന്നാണ് പ്രാഥമികനിഗമനം. പ്രത്യേക അന്വേഷണ സംഘം ഇതുസംബന്ധിച്ച് ഫോണ്‍ രേഖകള്‍ പരിശോധിച്ച് വരികയാണ്. ദിലീപിന്റെ മുന്‍ വിവാഹത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുവെന്ന വാര്‍ത്തയും അന്വേഷണ സംഘം നിഷേധിച്ചിട്ടുണ്ട്.
തികച്ചും തെറ്റായ പ്രചരണമാണ് നടക്കുന്നത്. അന്വേഷണവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ എന്തിന് പോലീസ് അന്വേഷിക്കണം. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് മറുപടി പറയേണ്ട ബാധ്യത പോലീസിനില്ലെന്നും അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന മാഡം എന്ന കഥാപാത്രത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിലും അന്വേഷണ സംഘത്തിന് അതൃപ്തിയുണ്ട്.
മാഡം എന്നൊരാള്‍ ഉണ്ടെന്നും ഇല്ലെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സോളാര്‍ കേസിലെ സരിതാ എസ് നായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനാണ് മാഡം എന്ന കഥാപാത്രത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. പള്‍സര്‍ സുനിക്ക് വേണ്ടി ജാമ്യം എടുക്കാന്‍ വന്നവര്‍ ഒരു മാഡത്തെക്കുറിച്ച് സംസാരിച്ചുവെന്നായിരുന്നു ഫെനിയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍ മാഡം ആരാണെന്ന കൂടുതല്‍ വിശദാംശങ്ങള്‍ ഫെനിക്ക് അറിയില്ലായിരുന്നു. മാഡം ദിലീപിന്റെ അടുത്ത ബന്ധുവാണെന്നും ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും ആദ്യഘട്ടത്തില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ദിലീപിനെ രക്ഷിക്കാന്‍ സുനി കെട്ടിച്ചമച്ച കഥാപാത്രമാണ് മാഡം എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത.