ദിലീപുമായി യാതൊരു സൗഹൃദവുമില്ലെന്ന് നടി ശ്രീത ശിവദാസ്: പോലീസ് ചോദ്യം ചെയ്തു

single-img
2 August 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി ശ്രീത ശിവദാസിനെയും ചോദ്യംചെയ്തു. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം ഉളിയന്നൂരുള്ള വീട്ടിലെത്തിയാണ് ശ്രീതയുടെ മൊഴി എടുത്തത്. ആക്രമണത്തിനിരയായ നടിയുടെ അടുത്ത സുഹൃത്ത് എന്ന നിലയ്ക്കാണ് ശ്രിതയുടെ മൊഴിയെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമിക്കപ്പെട്ടതിന് ശേഷം നടി ഒരു ദിവസം ശ്രീതയുടെ വീട്ടില്‍ താമസിച്ചിരുന്നു. ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മിലുണ്ടായിരുന്ന വൈരാഗ്യത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘം ശ്രിത ശിവദാസില്‍നിന്ന് ശേഖരിച്ചത്.

ദിലീപുമായി വിദേശയാത്ര നടത്തുകയോ ഷോകളില്‍ പങ്കെടുക്കുകയോ സിനിമയില്‍ അഭിനയിക്കുകയോ ചെയ്തിട്ടില്ലെന്നും നടി മൊഴി നല്‍കിയതായി പ്രമുഖദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമിക്കപ്പെട്ട നടിയും താനും അടുത്ത സുഹൃത്തുക്കളാണ്. തന്റെ വിവാഹത്തില്‍ നടി പങ്കെടുത്തിട്ടുണ്ട്. ആക്രമിക്കപ്പെട്ടശേഷം ഫോണില്‍ നിരവധി തവണ വിളിച്ചതായും ശ്രീത മൊഴി നല്‍കി.