മഅദനിക്ക് കേരളത്തില്‍ സുരക്ഷയൊരുക്കും: കര്‍ണാടകത്തിന് മുഖ്യമന്ത്രി കത്തയയ്ക്കും

single-img
2 August 2017

 

കേരളത്തിലേക്കുള്ള മഅദനിയുടെ യാത്ര പ്രതിസന്ധിയിലായതു പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. സുരക്ഷാച്ചെലവ് താങ്ങാനാവാത്തതിനാല്‍ കേരളത്തിലേക്കു തല്‍ക്കാലം വരുന്നില്ലെന്നു പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പിഡിപി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് മുഖ്യമന്ത്രിയെ കണ്ടിരുന്നു.

തുടര്‍ന്നാണു കര്‍ണാടക സര്‍ക്കാരിനു കത്തയക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. മഅദനിയുടെ സുരക്ഷ കേരളം ഉറപ്പാക്കണമെന്നും ഇക്കാര്യം കര്‍ണാടക സര്‍ക്കാരിനെ അറിയിക്കണമെന്നുമായിരുന്നു പിഡിപിയുടെ ആവശ്യം. മഅദനിയെ കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിവരെ എത്തിച്ചാല്‍ തുടര്‍ന്നുള്ള സുരക്ഷ കേരളം ഏറ്റെടുക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചതായും പിഡിപി നേതാക്കള്‍ പറഞ്ഞു. യാത്ര മുടങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ദയില്‍പ്പെടുത്താന്‍ പാര്‍ട്ടി നേതാക്കളോടും ബന്ധുക്കളോടും മഅദനി ആവശ്യപ്പെട്ടിരുന്നു.

സുരക്ഷാച്ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന അഭ്യര്‍ഥനുമായി സുപ്രീം കോടതിയെ ഒരിക്കല്‍ക്കൂടി സമീപിക്കാനും മഅദനി ആലോചിക്കുന്നുണ്ട്. പൊലീസ് അകമ്പടിക്കും മറ്റു ചെലവുകള്‍ക്കായി 14.80 ലക്ഷം രൂപ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നു ബെംഗളൂരു സിറ്റി പൊലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണു മഅദനി യാത്ര ഉപേക്ഷിച്ചത്. അനുഗമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിമാനയാത്രാച്ചെലവും വഹിക്കണമെന്നു കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു. ഇതോടെയാണു കടം വാങ്ങിയും മറ്റും ഇത്രയധികം തുക കെട്ടിവച്ചു യാത്രചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നു മഅദനി പ്രതികരിച്ചത്.

ചെലവു കുറയ്ക്കാനായി, മൂത്തമകന്‍ ഹാഫിസ് ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ മാത്രം പങ്കെടുത്താല്‍ മതിയോ എന്നതും ആലോചിക്കുന്നുണ്ട്. അര്‍ബുദബാധിതരായ മാതാവിനെക്കൂടി കാണാനാണു ഈ മാസം ഒന്നുമുതല്‍ 14 വരെ കേരളത്തില്‍ തങ്ങാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. ഒന്‍പതിനാണു മകന്റെ വിവാഹം.

ഈമാസം ഒന്നു മുതല്‍ 20 വരെ കേരളത്തില്‍ താങ്ങാനായി ജാമ്യ ഹര്‍ജിയില്‍ ഇളവു നല്‍കണമെന്നായിരുന്നു മഅദനി ആദ്യം ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യം കര്‍ണാടക എന്‍ഐഎ കോടതി തള്ളി. തുടര്‍ന്നു മഅദനി സുപ്രീം കോടതിയില്‍ സമീപിച്ച അവസരത്തിലാണ് കേരളത്തില്‍ പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. ബെംഗളൂരു സ്‌ഫോടന കേസിലെ 31ാം പ്രതിയായ മഅദനി നിലവില്‍ ലാല്‍ബാഗ് സഹായ ആശുപത്രിയില്‍ ചികിത്സയിലാണ്.