ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തെ ഉയരത്തില്‍

single-img
2 August 2017

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 63.82 ലെത്തി. ഡോളറിന് 64.07 രൂപ എന്ന നിലയിലാണ് തിങ്കളാഴ്ച വിപണി ക്ലോസ് ചെയ്തത്. ഒരു വര്‍ഷത്തിനിടെ ഡോളറിനെതിരെ രൂപയ്ക്കുണ്ടായ നേട്ടം ആറ് ശതമാനമാണ്. ഇതോടെ മറ്റ് കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ പ്രകടനം മികച്ചതായി.

രാജ്യത്തെ ഓഹരി, ബോണ്ട് വിപണിയിലേയ്ക്ക് വിദേശ നിക്ഷേപം കൂടുതലായി എത്തിയത് രൂപയ്ക്ക് നേട്ടമായി. 30 ബില്യണ്‍ ഡോളറാണ് ഈ മാസം മാത്രം നിക്ഷേപമായെത്തിയത്. ഓഹരി വിപണിയിലെ മുന്നേറ്റവും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു. ഏഷ്യയിലെ മികച്ച പ്രകടനം കാഴ്ചവെച്ച ഓഹരി സൂചികകളിലൊന്നായി നിഫ്റ്റി.

പണപ്പെരുപ്പം താഴ്ന്നതും കറന്റ് അക്കൗണ്ട് കമ്മി കുറഞ്ഞതും രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ സൂചകങ്ങളായി. അത് രൂപയുടെ മൂല്യം വര്‍ധിക്കാന്‍ സഹായിച്ചു. ഈ വര്‍ഷം ഇന്ത്യ 7.2 ശതമാനവും അടുത്തവര്‍ഷം 7.7 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍.