നിര്‍ണായകമായ രണ്ടുപേരുടെ അറസ്റ്റ് ഉടന്‍: ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്തു

single-img
2 August 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനാ കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തു. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ്, ഭാര്യാ സഹോദരന്‍, മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യര്‍ എന്നിവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. ആലുവ പൊലീസ് ക്ലബ്ബിലേക്ക് ഇവരെ വിളിച്ചു വരുത്തുകയായിരുന്നു.

ഗൂഢാലോചന സംബന്ധിക്കുന്ന ചില കണ്ണികള്‍ കൂട്ടിയോജിപ്പിക്കാനുള്ള മൊഴികളാണു പൊലീസ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. കേസില്‍ ഇനി രണ്ട് അറസ്റ്റിനു കൂടി സാധ്യതയുണ്ടെന്നാണു സൂചന. മൊഴി രേഖപ്പെടുത്തി വിട്ടയച്ച എല്ലാവരും ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

മഞ്ജുവും ദിലീപും വിവാഹബന്ധം വേര്‍പെടുത്താനുള്ള സാഹചര്യത്തെക്കുറിച്ചാണ് മധുവാര്യരില്‍ നിന്ന് പൊലീസ് ചോദിച്ചറിഞ്ഞത് എന്നാണ് സൂചന. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളില്‍ പ്രധാന പങ്കാളിയാണ് സഹോദരീ ഭര്‍ത്താവ്.

ആക്രമിക്കപ്പെട്ട നടിയുമായി എന്തെങ്കിലും സാമ്പത്തിക തര്‍ക്കങ്ങളോ അത് സംബന്ധിച്ച പ്രശ്‌നങ്ങളോ ദിലീപിന് ഉണ്ടായിരുന്നോ എന്നാണ് പ്രധാനമായും അന്വേഷണസംഘം ചോദിച്ചറിഞ്ഞത്.

ദിലീപിന്റെ മനേജര്‍ അപ്പുണ്ണിയുടെ മൊഴി കഴിഞ്ഞദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ടു പൊലീസിനു ലഭിക്കേണ്ടിയിരുന്ന മുഴുവന്‍ വിവരങ്ങളും ദിലീപിന്റെ സഹായിയും ഡ്രൈവറും കൂടിയായ അപ്പുണ്ണി കൈമാറിയെന്നാണു വിവരം. പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ പോയതു ദിലീപിന്റെ നിര്‍ദേശം അനുസരിച്ചാണെന്നും അപ്പുണ്ണി വെളിപ്പെടുത്തിയെന്നാണ് സൂചന.

അപ്പുണ്ണിയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അന്വേഷണസംഘം ജയിലിനുള്ളില്‍ വീചോദ്യം ചെയ്യും. മൊഴികളില്‍ അപ്പുണ്ണി ഉറച്ചു നില്‍ക്കുമോ എന്നു സംശയമുള്ള സാഹചര്യത്തില്‍ മജിസ്‌ട്രേട്ട് മുന്‍പാകെ മൊഴികള്‍ രേഖപ്പെടുത്തും. കേസിലെ ഗൂഢാലോചനയില്‍ ദിലീപിനൊപ്പം അപ്പുണ്ണിക്കുള്ള പങ്കാളിത്തം പൊലീസിനു വ്യക്തമായിട്ടുണ്ട്.