നടിയെ ആക്രമിച്ച കേസ്​: ഒരാൾ കൂടി അറസ്​റ്റിൽ

single-img
2 August 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒരു അഭിഭാഷകനെ കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അഭിഭാഷകനായ രാജു ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.
കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ ആദ്യ അഭിഭാഷകനായിരുന്ന അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയറാണ് രാജു ജോസഫ്.

പോലീസ് ആവശ്യപ്പെട്ട പ്രകാരം വൈകിട്ട് നാല് മണിയോടെ ആലുവ പോലീസ് ക്ലബിലെത്തിയ ഇയാളെ ചോദ്യം ചെയ്ത ശേഷം പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

ആലുവ പോലീസ് ക്ലബിലേക്ക് മറ്റൊരു അഭിഭാഷകനൊപ്പം സ്വന്തം കാറിലാണ് രാജു ജോസഫ് എത്തിയത്. ഈ കാര്‍ രാജു പോലീസ് ക്ലബിന് അകത്ത് പ്രവേശിച്ച് അല്‍പസമയത്തിനുള്ളില്‍ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കാന്‍ കൊണ്ടു പോയത് ഈ കാറിലാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

പള്‍സര്‍ സുനി നല്‍കിയ മെമ്മറി കാര്‍ഡും ഫോണും തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്‍പ്പിച്ചെന്നും ഇയാള്‍ ഇത് നശിപ്പിക്കുകയായിരുന്നു എന്നും അഡ്വ.പ്രതീഷ് ചാക്കോ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. പ്രതീഷ് ചാക്കോ ഒളിവില്‍ പോയതിനെ തുടര്‍ന്ന് ആദ്യം ഒരു തവണ രാജു ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.