എയര്‍പോര്‍ട്ടുകളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കാനൊരുങ്ങി അമേരിക്ക

single-img
1 August 2017

വാഷിങ്ടണ്‍: അന്താരാഷ്ട്ര ആഭ്യന്തര വിമാനയാത്രകളില്‍ ലഗേജുകള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി അമേരിക്കന്‍ വ്യോമയാന ഏജന്‍സി. ഇന്ത്യന്‍ വിമാനത്താവളങ്ങളിലുള്ളതു പോലെ സെല്‍ഫോണിനേക്കാള്‍ വലിയ എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളും ഇനിമുതല്‍ സ്‌കാനിങ്ങിന് വിധേയമാക്കാനാണ് ഏജന്‍സിയുടെ തീരുമാനം.

ഇതുവരെ അമേരിക്കയില്‍ ലാപ്‌ടോപ്പ് പോലെ വലിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ മാത്രം പ്രത്യേകം സ്‌ക്രീനിങ്ങിന് വിധേയമാക്കിയാല്‍ മതിയായിരുന്നു. ഐപാഡും മറ്റും ബാഗില്‍ തന്നെ സൂക്ഷിക്കാന്‍ അനുവാദമുണ്ടായിരുന്നു. പക്ഷേ ഇനി മുതല്‍ ഇവിടെയും ടാബ്‌ലെറ്റും ലാപ്‌ടോപ്പും ബാഗുകളില്‍ നിന്ന് പുറത്തെടുത്ത് പ്രത്യേകം ട്രേയില്‍ സ്‌ക്രീനിങ്ങിനായി നിക്ഷേപിക്കണം.

അതേസമയം യാത്രക്കാര്‍ക്ക് കൊണ്ടുവരാവുന്ന വസ്തുക്കളില്‍ മാറ്റമൊന്നുമില്ല. എന്നാല്‍ കൂടുതല്‍ സുരക്ഷാ പരിശോധനക്ക് വിധേയരാകേണ്ടി വരുമെന്ന് അമേരിക്കന്‍ വ്യോമയാന ഏജന്‍സിയായ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

ലോസ് ആഞ്ചല്‍സ് ഇന്റര്‍ നാഷണല്‍ വിമാനത്താവളത്തില്‍ അടക്കം ഈ സംവിധാനം പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. വരും ആഴ്ചകളില്‍ അമേരിക്കയിലെ മുഴുവന്‍ വിമാനത്താവളങ്ങളിലും സംവിധാനം കൊണ്ടുവരുമെന്ന് ടി.എസ്.എ അറിയിച്ചു.