ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അബു ദുജാനയെ കാശ്മീരില്‍ സൈന്യം വധിച്ചു

single-img
1 August 2017

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ ലഷ്‌കറെ തൊയ്ബ മേധാവി അബു ദുജാന ഉള്‍പ്പെടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടല്‍ അഞ്ച് മണിക്കൂര്‍ നീണ്ടു. പുല്‍വാമയിലെ ഹക്രിപ്പോര ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടെയാണ് വെടിവെയ്പുണ്ടായത്.

താഴ്വരയില്‍ ലഷ്‌കര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ദുജാനയ്ക്ക് 30 ലക്ഷം രൂപയാണ് സൈന്യം പ്രഖ്യാപിച്ച ഇനാം. പുല്‍വാമയില്‍ നിന്ന് വിവാഹം കഴിച്ച പാക് പൗരനായ ദുജാനയെ വധിക്കാനായത് സൈന്യത്തിന് നേട്ടമായി. അടുത്തിടെ, അമര്‍നാഥ് യാത്രക്കാര്‍ക്കുനേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഷ്‌കര്‍ കമാന്‍ഡറായ അബു ഇസ്മായില്‍ ആയിരുന്നു. ദുജാനയുടെ അടുത്ത അനുയായിയും പിന്‍ഗാമിയുമാണ് ഇസ്മയില്‍.

അഞ്ച് തവണ സൈന്യത്തെ വെട്ടിച്ച് കടന്നുകളഞ്ഞ ദുജാന ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്‌ഷെ മുഹമ്മദ് എന്നീ സംഘടനകളിലും അംഗമായിട്ടുണ്ട്. മേയ് മാസത്തിലാണ് ഒടുവില്‍ ദുജാന രക്ഷപ്പെട്ടത്. ഉദ്ദംപൂര്‍ പാംപോര്‍ ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് അബു ദുജാന. ദുജാനയുടെ മരണ വാര്‍ത്ത പുറത്തുവന്നതോടെ താഴ്വരയില്‍ വിവിധ ഇടങ്ങില്‍ സൈന്യത്തിനു നേരെ കല്ലേറുണ്ടായി. സൈന്യം ജാഗ്രത നിര്‍ദ്ദേശം നല്‍കി.