മെഡിക്കല്‍ കോഴ: ബിജെപി നേതാക്കള്‍ക്കെതിരെ ലോകായുക്ത അന്വേഷണം

single-img
1 August 2017

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിന് അനുമതി നല്‍കാന്‍ കോടികള്‍ കോഴ വാങ്ങിയെന്ന പരാതി ലോകായുക്ത നേരിട്ട് അന്വേഷിക്കും. ആരോപണത്തെ കുറിച്ചുള്ള പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനോട് ലോകായുക്ത നിര്‍ദേശം നല്‍കി. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടാണിത്. തൃശൂര്‍ വരന്തരപ്പിള്ളിയിലെ ടി എന്‍ മുകുന്ദനാണ് ലോകായുക്തയില്‍ പരാതി നല്‍കിയത്.

മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിന് വേണ്ടി കേരളത്തിലെ ബിജെപി നേതാക്കള്‍ 5.60 കോടി കോഴവാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെതിരെയും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്.

നേതാക്കള്‍ കോഴ വാങ്ങിയെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആര്‍എസ് വിനോദിനെ ബിജെപി പുറത്താക്കിയിരുന്നു. നിലവില്‍ ബിജെപിയുടെ സംസ്ഥാന സഹകരണ സെല്‍ കണ്‍വീനറാണ് ആര്‍എസ് വിനോദ്. നിലവില്‍ എസ്പി ജയകുമാറിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് ഈ കേസ് അന്വേഷിക്കുകയാണ്.