‘പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോ?’; പി.സി ജോര്‍ജിനെതിരെ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി

single-img
1 August 2017

കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പരസ്യ പ്രസ്താവനകള്‍ നടത്തിയ പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷ വിമര്‍ശനവുമായി നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. പെണ്‍കുട്ടിക്കെതിരെ ഇത്ര നീചമായ പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കാതെയിരിക്കും എന്നു പറഞ്ഞുകൊണ്ടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

പീഡനമെന്നത് താങ്കള്‍ക്ക് വെറുമൊരു തമാശയാണോയെന്നാണ് എംഎല്‍എയോടുള്ള ഭാഗ്യലക്ഷ്മിയുടെ ചോദ്യം. അവര്‍ ഒരു നടി ആയതുകൊണ്ടാണോ താങ്കള്‍ ഇങ്ങനെ പെരുമാറുന്നതെന്നും അവര്‍ ചോദിക്കുന്നു.

ഇത് സംഭവിച്ചത് താങ്കളുടെ പെണ്‍മക്കള്‍ക്കാണെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?..താങ്കളവരെ വീട്ടില്‍ പൂട്ടിയിടുമോ?…അവര്‍ നുണയാണ് പറയുന്നതെന്ന് അപ്പോഴും താങ്കള്‍ പറയുമോ എന്നും രൂക്ഷമായ ഭാഷയില്‍ ഭാഗ്യലക്ഷ്മി വിമര്‍ശിക്കുന്നു.

ആരെ സംരക്ഷിക്കാനാണ് താങ്കളുടെ ഈ നാടകം?..താങ്കള്‍ നിലകൊള്ളുന്നത് പ്രതിയായ പള്‍സര്‍ സുനിക്ക് വേണ്ടിയാണോ എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. റബ്ബറും ഏലവും പണംവും മാത്രം കണ്ട് വളര്‍ന്ന താങ്കള്‍ക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസിലാവില്ലെന്നും ഇത്തരം ക്രൂരമായ പ്രസ്താവനകള്‍ക്ക് ജനം കയ്യടിക്കില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുകയുണ്ടായി.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിസി ജോര്‍ജ് എംഎല്‍എ ആക്രമണത്തിനിരയായ നടിയെ പരസ്യമായി അധിക്ഷേപിച്ചത്. നടി ആക്രമിക്കപ്പെട്ടതിനു തെളിവില്ലെന്നും, ക്രൂരപീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് നടി അടുത്ത ദിവസം തന്നെ അഭിനയിക്കാന്‍ പോയതെന്നുമൊക്കെയായിരുന്നു എംഎല്‍എയുടെ ചോദ്യങ്ങള്‍. ദിലീപ് നിരപരാധിയാണെന്ന് പറയാനും എംഎല്‍എ മടിച്ചില്ല.

ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഒന്നും മിണ്ടാതെയിരിക്കാന്‍ ആവത് ശ്രമിക്കുന്നുണ്ട്…എന്ത് ചെയ്യാന്‍..
അപമാനിക്കപ്പെട്ടതിനു പുറമേ,
പെണ്‍കുട്ടിക്കെതിരെ ഇത്ര നീചമായ പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കാതെയിരിക്കും…
പെണ്‍കുട്ടിക്കെതിരെ പരിഹാസവുമായി ങഘഅ ജഇ ഏഋഛഞഏഋ..
പീഡിപ്പിക്കപ്പെട്ട നടി പിറ്റേ ദിവസം ഷൂട്ടിങിന് പോയതിനെ പരിഹസിച്ച് ശ്രീ പി സി ജോര്‍ജ്ജ് പറയുന്നു.
‘പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കെങ്ങനെ പിറ്റേ ദിവസം ജോലിക്ക് പോകാന്‍ സാധിച്ചു?
അവരേത് ആശുപത്രിയിലാണ് അന്ന് പോയത്? എന്നൊക്കെയാണ് അദ്ദേഹത്തിന്റെ സംശയം.
അപ്പൊള്‍ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടാല്‍ അവള്‍ പുറത്തിറങ്ങാതെ കരഞ്ഞ് കരഞ്ഞ് ജീവിതമവസാനിപ്പിക്കണമെന്ന് ഒരു
ജനപ്രതിനിധിതന്നെ പറയുന്നു..
പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോ?അതോ അവര്‍ ഒരു നടി ആയതുകൊണ്ടാണോ..?താങ്കളുടെ പെണ്‍മക്കള്‍ക്കാണിത് സംഭവിച്ചതെങ്കില്‍ താങ്കളവരെ വീട്ടില്‍ പൂട്ടിയിടുമോ?അവര്‍ നുണയാണ് പറയുന്നതെന്ന് അപ്പോഴും താങ്കള്‍ പറയുമോ?
ജോര്‍ജ് സാറേ താങ്കള്‍ ഉളള കാര്യം പച്ചക്ക് വിളിച്ച് പറയുന്നവനാണെന്ന് സ്വയം അഭിമാനിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്..അതിന് കൈയ്യടിക്കുന്നവരേയും കണ്ടിട്ടുണ്ട്….പക്ഷേ
ഇതിത്തിരി ക്രൂരമായ പ്രസ്താവനയായിപ്പോയി സാറേ…
ഇതിന് ജനം കൈയ്യടിക്കുമെന്ന് കരുതരുത്..
ആരെ സംരക്ഷിക്കനാണീ നാടകം?.പള്‍സര്‍ സുനിയേയോ?പള്‍സര്‍ സുനിയും കൂട്ടരുമാണ് തന്നെ ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി..അപ്പൊള്‍ താങ്കള്‍ വാദിക്കുന്നത് പള്‍സര്‍ സുനിക്ക് വേണ്ടിയാണോ?അത് വ്യക്തമാക്കൂ..
നല്ല ജനപ്രതിനിധി… അവനവന് വേദനിക്കണം.
എന്നാലേ വേദനയെന്തെന്നറിയൂ..
തോക്കും ചൂണ്ടി നടന്ന്
റബ്ബറും ഏലവും പണംവും മാത്രം കണ്ട് വളര്‍ന്ന താങ്കള്‍ക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസിലാവില്ല…
നടിയും ഞങ്ങളുടെ മകളാണെന്നാണ് അന്ന് അമ്മ ഭാരവാഹികള്‍ പറഞ്ഞത്…
തന്റെ മകളെ അപമാനിച്ച വ്യക്തിക്കെതിരെ അമ്മ സംഘടന എന്തെങ്കിലും ചെയ്യുമോ?