ടെസ്‌ലയുടെ മോഡല്‍ ത്രീ ആദ്യ ബാച്ചെത്തി

single-img
31 July 2017

വൈദ്യുത കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല പുതുപുത്തന്‍ മോഡലായ മോഡല്‍ ത്രീ വാഹനങ്ങള്‍ പുറത്തിറക്കി. 35,000 യുഎസ് ഡോളര്‍ മുതലാണ് വില. വെള്ളിയാഴ്ചയാണ് പുതിയ മോഡല്‍ പുറത്തിറങ്ങിയത്. വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ‘മോഡല്‍ ത്രീ ‘ ഉല്‍പ്പാദിപ്പിക്കുക വന്‍ വെല്ലുവിളിയാണെന്നു ടെസ്ല സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ
മസ്‌ക അംഗീകരിച്ചിട്ടുണ്ട്. തുടക്കത്തിലെ ആറുമാസത്തേക്കെങ്കിലും കാറിന്റെ ഉല്‍പ്പാദനം ക്ലേശകരമായ പ്രവൃത്തിയാവുമെന്നും അദ്ദേഹം കരുതുന്നു.

പുറത്തിറക്കിയതിന് തൊട്ടു പിന്നാലെ 30 കാറുകളും വിറ്റുപോയി. കമ്പനിയിലെ തൊഴിലാളികള്‍ തന്നെയാണ് മിക്കവാറും കാറുകളും സ്വന്തമാക്കിയത്. 35,000 യുഎസ് ഡോളര്‍ മുതലാണ് കാറുകളുടെ വില. ഗ്യാസോ വൈദ്യുതിയോ ഉപയോഗിക്കാവുന്ന മാര്‍ക്കറ്റിലെ ഏറ്റവും വിലകുറഞ്ഞ കാറാണ് ഇതെന്ന് കമ്പനി സിഇഒ എലന്‍ മസ്‌ക് പറഞ്ഞു.

നേരത്തെ ടെസ്‌ല കമ്പനി പുറത്തിറക്കിയ എസ്, എക്‌സ് എന്നീ മോഡലുകള്‍ക്ക് 80,000 യുഎസ് ഡോളര്‍ മുതലായിരുന്നു വില. പുതിയ മോഡല്‍ മാര്‍ക്കറ്റില്‍ ചലനമുണ്ടാക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. ഈ വര്‍ഷം ആഴ്ചയില്‍ 5000 കാറുകള്‍ പുറത്തിറക്കുന്ന കമ്പനി അടുത്തവര്‍ഷം മുതല്‍ അത് പതിനായിരമായി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും കമ്പനി സിഇഒ വ്യക്തമാക്കി. അഞ്ച് ലക്ഷത്തോളം പേരാണ് ഇതുവരെ മോഡല്‍ ത്രീ കാറുകള്‍ക്കായി പണമടച്ചിട്ടുള്ളത്. അടുത്ത വര്‍ഷത്തോടെ കാറുകള്‍ ഉപഭോക്താക്കളുടെ കൈകളിലെത്തുമെന്നാണ് പ്രതീക്ഷ.