അധ്യാപകന്‍ ക്ലാസിലിരുന്ന് ഉറങ്ങി; വിദ്യാര്‍ഥി ഫോട്ടോ വിദ്യാഭ്യാസ വകുപ്പിനയച്ചു: പണിപോയ അധ്യാപകന്‍ പ്രതികാരം തീര്‍ത്തത് ഇങ്ങനെ

single-img
31 July 2017

ക്ലാസിലിരുന്ന് ഉറങ്ങിയ അധ്യാപകന്റെ ചിത്രമെടുത്ത് വിദ്യാഭ്യാസ വകുപ്പിന് അയച്ചുകൊടുത്ത വിദ്യാര്‍ഥിക്ക് പോലീസിന്റെ ക്രൂരമര്‍ദനം. തെലുങ്കാനയിലെ മെഹബൂബ് നഗറിലാണ് ഈ ക്രൂര സംഭവം അരങ്ങേറിയത്. ചിത്രമെടുത്ത 10ആം ക്ലാസ് വിദ്യാര്‍ഥിയെ പോലീസ് തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. സ്‌കൂളിലെ ഗണിത അധ്യാപകന്‍ ക്ലാസില്‍ ഇരുന്ന് ഉറങ്ങുന്നത് വിദ്യാര്‍ഥി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പിന്നീട് ഇത് വിദ്യാഭ്യാസ വകുപ്പിന് വാട്‌സ്ആപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി.

പക്ഷേ സംഭവം ഇവിടംകൊണ്ട് തീര്‍ന്നിരുന്നില്ല. വിദ്യാര്‍ത്ഥിയുടെ ചെയ്തിയില്‍ ക്ഷുഭിതരായ സഹഅധ്യാപകര്‍ കുട്ടിക്കെതിരെ പോലീസില്‍ പരാതി നല്‍കുകയുണ്ടായി. തുടര്‍ന്ന് പോലീസെത്തി സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന വിദ്യാര്‍ഥിയെ പിടികൂടി സ്‌കൂള്‍ ഗ്രൗണ്ടിലെ പോസ്റ്റില്‍ കെട്ടിയിട്ടു മര്‍ദിക്കുകയായിരുന്നു.

അധ്യാപകര്‍ നോക്കി നില്‍ക്കേ രണ്ടു പൊലീസുദ്യോഗസ്ഥര്‍ വിദ്യാര്‍ഥിയെ വടികൊണ്ട് ക്രൂരമായി തല്ലിച്ചതക്കുകയുമുണ്ടായി. സംഭവത്തിന് ദൃക്‌സാക്ഷികളായ വിദ്യാര്‍ഥികള്‍ ഓടി രക്ഷപെടുകയായിരുന്നു. അതേസയമം വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന കാര്യം പൊലീസ് നിഷേധിച്ചു. സ്‌കൂള്‍ കോമ്പൗണ്ടില്‍ മദ്യപിച്ചതിനാലാണ് വിദ്യാര്‍ഥിയെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.