ദേശീയപാതകളില്‍ ഇനി വാഹനങ്ങല്‍ ചീറിപായും: വേഗപരിധി മണിക്കൂറില്‍ 120 കിലോമീറ്റര്‍

single-img
31 July 2017

ദേശീയപാതയിലൂടെ ചീറിപായാന്‍ ആഗ്രഹമില്ലാത്തവര്‍ കാണുമോ. ശരിക്കും ഇല്ലെന്ന് തന്നെ പറയാം. എങ്കില്‍ നിങ്ങള്‍ ചീറിപായാന്‍ തയ്യാറായിക്കോളൂ. ദേശീയപാതകളിലെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററില്‍ നിന്ന് 120 കിലോമീറ്ററായി ഉയര്‍ത്തുന്നു. മൂന്ന് വര്‍ഷത്തിനകം വേഗപരിധി വര്‍ധിപ്പിക്കാനാണ് നീക്കം.

എന്നാല്‍ ഇതുമൂലം മനുഷ്യജീവന്‍ അപകടത്തിലാകില്ലെന്ന് ഉറപ്പാക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്ന് ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ബസ് ഓപ്പറേറ്റര്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ തുടക്കമിടാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി മുംബൈയ്ക്കും ഡല്‍ഹിക്കുമിടയ്ക്കുള്ള ദേശീയപാതയില്‍ വാഹനങ്ങള്‍ക്കുവേണ്ടി ഇലക്ട്രിക് ലൈന്‍ സ്ഥാപിക്കാനാണ് നീക്കം.

മുംബൈയ്ക്കും പൂണെയ്ക്കുമിടെ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് തുടങ്ങാനും നീക്കമുണ്ട്. രാജ്യത്തെ ബസുകളുടെ എണ്ണം വര്‍ധിപ്പിച്ച് സ്വകാര്യ വാഹനം ഉപയോഗം കുറയ്ക്കാനും സര്‍ക്കാരിന് ആലോചനയുണ്ട്. രാജ്യത്തെ ബസുകളുടെയെണ്ണം 16 ലക്ഷത്തില്‍ നിന്ന് 40 ലക്ഷമായി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഇലക്ട്രിക്, ബയോ ഡീസല്‍, ബയോഗ്യാസ് ബസുകള്‍ക്ക് സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിദേശ നിര്‍മ്മാതാക്കളുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് യാതൊരു നികുതിയിളവും നല്‍കേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്.