ജിഎസ്ടി രാജ്യത്തിന് ഗുണപരമായ നേട്ടമെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
30 July 2017

ന്യൂഡല്‍ഹി: രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയതിനെ മന്‍ കി ബാത്തിലൂടെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി നിലവില്‍ വന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണപരമായ വഴിത്തിരിവായെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ നിന്ന് താന്‍ അഭിപ്രായം തേടിയിരുന്നു, മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സഹകരണവും സംയുക്തപ്രവര്‍ത്തനരീതികളും എത്രമേല്‍ നല്ലതാണെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി മാറുകയാണ് ജിഎസ്ടി എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് രാജ്യം നല്കിയ പിന്തുണ പ്രശംസയര്‍ഹിക്കുന്നതാണെന്നും നരേന്ദ്രമോദി പറഞ്ഞു. എത്ര നന്നായി പ്രകടനം നടത്തിയാലും പരാജയപ്പെട്ടാല്‍ ടീമിനെ തള്ളിപ്പറയുക പതിവാണ്. എന്നാല്‍, ഇംഗ്ലണ്ടുമായുള്ള പരാജയത്തിനു ശേഷവും കിക്കറ്റ് ടീമംഗങ്ങള്‍ക്ക് രാജ്യം നല്കിയ സ്നേഹവും പിന്തുണയും അഭിമാനാര്‍ഹമാണെന്നും അദ്ദേഹം മന്‍ കി ബാത്തില്‍ അഭിപ്രായപ്പെട്ടു.

രാഷ്ട്രപിതാവിന് ആദരം അര്‍പ്പിച്ചുകൊണ്ട് ഓഗസ്ത് മാസം ഇന്ത്യക്ക് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന ഓര്‍മ്മപ്പെടുത്തലും മോദി മന്‍ കി ബാത്തിലൂടെ നടത്തുകയുണ്ടായി. സ്വാതന്ത്ര്യസമര പോരാട്ടങ്ങളെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. വിദേശഭരണത്തില്‍ നിന്ന് മുക്തരായെങ്കിലും ദാരിദ്ര്യം, അഴിമതി, ജാതിവേര്‍തിരിവ്, തീവ്രവാദം തുടങ്ങിയവയില്‍ നിന്ന് നമ്മുടെ ജനത ഇനിയും മുക്തമായിട്ടില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.