കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കു പിന്നില്‍ സോണിയയ്ക്കു മകനോടുള്ള സ്‌നേഹമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

single-img
30 July 2017

രാജ്‌കോട്ട്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് മകന്‍ രാഹുല്‍ ഗാന്ധിയോടുള്ള സ്‌നേഹമാണ് രാജ്യമെങ്ങും കോണ്‍ഗ്രസ് മുങ്ങിത്താഴുന്നതിനു പിന്നിലെന്ന വിമര്‍ശനവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടതിനു പിന്നിലും സോണിയാ ഗാന്ധിയാണെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അദ്ദേഹം പറഞ്ഞു.

‘ആര്‍ക്കും അവരുടെ ഭരണം അംഗീകരിക്കാനാകില്ല. കോണ്‍ഗ്രസിന്റെ അവസ്ഥ അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണെന്നും’ അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനം പ്രളയബാധിതമായി ഉഴറുമ്പോള്‍, കോണ്‍ഗ്രസിന്റെ 40 എംഎല്‍എമാര്‍ ബെംഗളൂരുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലില്‍ സുഖിച്ചു കഴിയുകയാണെന്നും രൂപാണി ചൂണ്ടിക്കാട്ടി. അത്രത്തോളം നിരുത്തരവാദിത്തത്തോടെയും നിര്‍വികാരതയോടെയുമാണ് കോണ്‍ഗ്രസ് പെരുമാറുന്നത്.

അഹമ്മദ് പട്ടേലിനെ രാജ്യസഭയിലേക്ക് അയയ്ക്കണമെന്ന ആര്‍ത്തിമാത്രമാണ് 40 എംഎഎല്‍എമാരെ ഒളിപ്പിക്കുന്നതിനു പിന്നില്‍. ഇവരില്‍ പ്രളയ ദുരിതം ബാധിച്ച മണ്ഡലങ്ങളിലെ എംഎല്‍എമാരുമുണ്ട്. വളരെ താമസിയാതെ കോണ്‍ഗ്രസും പ്രളയത്തില്‍പ്പെട്ടു മുങ്ങുമെന്നും രൂപാണി കൂട്ടിച്ചേര്‍ത്തു. അടുത്തിടെ കോണ്‍ഗ്രസിന്റെ ആറ് എംഎല്‍എമാരാണ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച കോണ്‍ഗ്രസ് തങ്ങളുടെ 44 എംഎല്‍എമാരെ ബെംഗളൂരുവിലേക്കു മാറ്റിയിരുന്നു.

അതേസമയം, പണവും അധികാരവും കരുത്തും കാട്ടി ബിജെപി ഗുജറാത്തില്‍ കുതിരക്കച്ചവടം നടത്തുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.