ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകം വ്യക്തിവൈരാഗ്യമെന്ന് പോലീസ്

single-img
30 July 2017

തിരുവനന്തപുരം: തലസ്ഥാനത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തിപരമായ വിരോധമെന്ന നിഗമനത്തില്‍ പൊലീസ്. സംഭവത്തില്‍ എട്ടുപേര്‍ പിടിയിലായിട്ടുണ്ടെന്ന് പോലീസ് ഒടുവിലായി സ്ഥിരീകരിച്ചു. പിടിയിലായവരില്‍ 6 പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരും 4 പേര്‍ സഹായം നല്‍കിയവരുമാണെന്ന് പോലീസ് പറഞ്ഞു.

അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണ്ണായക വിവരം പൊലീസിന് ലഭിച്ചത്. പിടിയിലായ പ്രതി മണികുട്ടന്റെ ബന്ധുവിന്റെ വീടിനു നേരെ ആര്‍എസ്എസുകാര്‍ ആക്രമണം നടത്തിയപ്പോള്‍ മണികുട്ടനും സംഘവും പ്രതികാരമായി ഒരു വീട് ആക്രമിച്ചിരുന്നു. ഈ വീട്ടുകാര്‍ക്ക് വേണ്ടി പൊലീസില്‍ നല്‍കാന്‍ പരാതി തയ്യാറാക്കിയത് രാജേഷ് ആയിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമായിരിക്കുന്നത്.

വധിക്കാന്‍ ഉദ്ദേശിച്ച് വെട്ടിയതല്ലന്നും വീശിയപ്പോള്‍ കൈവിട്ട് പോയെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഏതെങ്കിലും പാര്‍ട്ടി നേതൃത്വം നടത്തിയ ഗൂഢാലോചന പ്രകാരമുള്ള കൊലപാതകമല്ല, മറിച്ച് പ്രാദേശികമായി ഉണ്ടായ രാഷ്ട്രീയ പകയാണ് കൊലക്ക് കാരണമെന്നാണ് ചോദ്യം ചെയ്യലില്‍ പൊലീസിന് ലഭിച്ച വിവരമെന്നാണ് അറിയുന്നത്.

ഇക്കാര്യം വിശദമായി തന്നെ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പത്ത് പേരെയാണ് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം പ്രത്യേക പൊലീസ് സംഘം ഓടിച്ചിട്ട് പിടിച്ചത്. സംഭവം നടന്ന് ഉടനെ തന്നെ പ്രധാന പ്രതി മണിക്കുട്ടന്‍ അടക്കം പിടിയിലായത് പൊലീസിനെ സംബന്ധിച്ച് വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് തന്നെ പൊലീസിന്റെ നടപടിയെ മുഖ്യമന്ത്രിയോട് പ്രശംസിക്കുകയുണ്ടായി. കുറ്റവാളികള്‍ ആരായാലും മുഖം നോക്കാതെ പിടികൂടാനായിരുന്നു മുഖ്യമന്ത്രി പൊലീസിന് നല്‍കിയിരുന്ന നിര്‍ദ്ദേശം.
ഇതേ തുടര്‍ന്ന് ഐ.ജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലുള്ള ഡിവൈഎസ്പി പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ എല്ലാവരെയും പിടികൂടിയത്. ഒരു രാഷ്ട്രീയ സമ്മര്‍ദ്ദത്തിനും വഴങ്ങേണ്ടതില്ലന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.