മദ്യ വില്‍പനയ്ക്ക് ഓണ്‍ലൈനും മൊബൈല്‍ ആപ്പും; മദ്യക്കച്ചവടം അടിമുടി പരിഷ്‌കരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

single-img
30 July 2017

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലറ്റുകളിലെ തിരക്ക് പൊതുജനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തില്‍ മദ്യവില്‍പനയില്‍ പരിഷ്‌കരണം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഓണ്‍ലൈനായി മദ്യവില്‍പ്പന നടത്തുന്നതിനെക്കുറിച്ചു പഠനം നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ബിവറേജസ കോര്‍പറേഷനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. രണ്ടുമാസത്തിനകം റിപ്പോര്‍ട്ടു നല്‍കാനാണു നിര്‍ദേശം.

മദ്യവില്‍പ്പനയ്ക്കായി മൊബൈല്‍ ആപ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും മദ്യവില്‍പ്പനശാലകളുടെ വിസ്താരവും സൗകര്യവും വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ബിവറേജസ് കോര്‍പ്പറേഷന്‍ പഠനം നടത്തും. ഓണക്കാലത്തു മദ്യവില്‍പനശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കൂടുതല്‍ ആളുകളെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

ഓണ്‍ലൈന്‍ വഴിയും ടെലഫോണ്‍ വഴിയും ബുക്ക് ചെയ്യുന്നവര്‍ക്ക് എങ്ങനെ മദ്യം വിതരണം ചെയ്യാന്‍ കഴിയും എന്നും ബെവ്‌കോ പഠന വിധേയമാക്കും. ബുക്കിങ് നടത്തുന്നവര്‍ക്ക് എങ്ങനെ മദ്യം വിതരണം ചെയ്യും, ബുക്ക് ചെയ്യുന്നവര്‍ പ്രായപൂര്‍ത്തിയായവരാണോ എന്നെങ്ങനെ പരിശോധിക്കും, ഓണ്‍ലൈനിലൂടെ വാങ്ങാന്‍ കഴിയുന്ന മദ്യത്തിന്റെ അളവ്, ഈ അളവിലാണോ മദ്യം വില്‍ക്കുന്നതെന്നു പരിശോധിക്കാന്‍ ഏര്‍പ്പെടുത്തേണ്ട സംവിധാനങ്ങള്‍, ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തേണ്ട മാനദണ്ഡങ്ങള്‍ എന്തൊക്കെ എന്നതിനെക്കുറിച്ചെല്ലാം ബെവ്‌കോ പഠനം നടത്തും.

സര്‍ക്കാര്‍ മദ്യശാലകള്‍ക്കു മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കണമെന്ന് ഈ മാസം ആറിനു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മദ്യം വാങ്ങാനെത്തുന്ന സാധാരണക്കാരന്റെ മാന്യത പരിഗണിക്കണമെന്നും ബെവ്‌കോ ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തനം സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപദ്രവമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

മദ്യം വാങ്ങാനെത്തുന്നവരെ പുറത്തുനിര്‍ത്തുന്ന രീതി ശരിയല്ലെന്നും കാത്തുനില്‍പ്പിനു മതിയായ സൗകര്യമൊരുക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ പഠനം നടത്താന്‍ തീരുമാനിച്ചത്.

‘മദ്യവില്‍പ്പനശാലകളിലെ ക്യൂ ജനങ്ങള്‍ക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മറ്റുള്ള സംസ്ഥാനങ്ങളില്‍ ഈ പ്രശ്‌നമില്ല. അപരിഷ്‌കൃതമായ രീതിയിലുള്ള ക്യൂ സംവിധാനം സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലേക്കു മാറിയ സാഹചര്യത്തിലാണു പുതിയ തീരുമാനം’ എന്ന് ബവ്‌റിജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

മദ്യവില്‍പ്പശാലകളുടെ അടിമുടിയുള്ള പരിഷ്‌കരണത്തിനാണ് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നത്. വിശാലമായ സ്ഥല സൗകര്യമുള്ള, ക്യൂ ആവശ്യമില്ലാത്ത, മികച്ച ഷോപ്പിങ് അനുഭവം നല്‍കുന്ന വില്‍പ്പനശാലകള്‍ ആരംഭിക്കാനാണു ലക്ഷ്യം. ഇതേക്കുറിച്ചും വിശദമായ പഠനം നടക്കും.

മദ്യവില്‍പ്പന എക്കാലത്തും വിവാദ വിഷയമായതിനാല്‍ കരുതലോടെയാണു സര്‍ക്കാര്‍ നീക്കം. പഠന റിപ്പോര്‍ട്ട് കിട്ടിയശേഷം രാഷ്ട്രീയ പാര്‍ട്ടികളുമായും സംഘടനകളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഇതിനുശേഷമേ അടുത്ത നടപടികളിലേക്കു കടക്കൂ.