കോൺഗ്രസും തൃണമൂലും ബംഗാളിൽ കൈകോർത്തു;രാജ്യസഭ സീറ്റില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് മമത

single-img
29 July 2017


കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ രാജ്യസഭ സീറ്റുകളില്‍ വരും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഞ്ച് സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കാന്‍ സാധിക്കുമെന്നും ആറാമത്തെ സീറ്റില്‍ കോണ്‍ഗ്രസിന്റെ പ്രദീപ് ഭട്ടാചാര്യയെ പാര്‍ട്ടി പിന്തുണയ്ക്കുമെന്നും മമത പറഞ്ഞു. കോണ്‍സിന് പിന്തുണനല്‍കുന്നതിന് മുന്നോടിയായി മമത ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയിരുന്നു. മീരാ കുമാറിനെയോ പ്രദീപ് ഭട്ടാചാര്യയെയോ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പിന്തുണയ്ക്കാമെന്ന് മമത കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു.

ബംഗാളില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ സീതാറാം യെച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പിന്തുണ നല്‍കാമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സി.പി.എം കേന്ദ്ര കമ്മിറ്റി യെച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചത്. പൊതുസമ്മതനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന സിപിഐഎം ആവശ്യത്തെ കോണ്‍ഗ്രസും അംഗീകരിച്ചില്ല.

കോണ്‍ഗ്രസിന്റെയും സിപിഐമ്മിന്റെയും അംഗബലം വച്ച് ഇരു പാര്‍ട്ടികള്‍ക്കും ഒറ്റയ്ക്ക് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനാവില്ല. ബംഗാളിലെ ആറു രാജ്യസഭാ സീറ്റുകളിലേക്ക് ആഗസ്റ്റ് എട്ടാം തീയതിയാണ് തിരഞ്ഞെടുപ്പ്. നിലവിലെ തൃണമൂലിന് നാല് അംഗങ്ങളും കോണ്‍ഗ്രസിനും സി.പി.എമ്മിനും ഓരോ അംഗളുമാണ് ബംഗാളില്‍ നിന്നുമുള്ളത്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ അംഗ സംഖ്യ വര്‍ദ്ധിപ്പിച്ച തൃണമൂലിന് അഞ്ച് അംഗങ്ങളെ ഇത്തവണ രാജ്യസഭയിലെത്തിക്കാനാകും.

തൃണമൂല്‍ പിന്തുണയോടെ കോണ്‍ഗ്രസും വിജയിച്ചാല്‍ സി.പി.എമ്മിന് ബംഗാളില്‍ നിന്ന് രാജ്യസഭ അംഗമില്ലാത്ത അവസ്ഥയുണ്ടാകും. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായി ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.