ബാറുടമകൾക്ക് വഴങ്ങി സർക്കാർ;ദേശീയ-സംസ്ഥാന പാതകളുടെ പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ നീക്കം

single-img
29 July 2017

തിരുവനന്തപുരം:ദേശീയ-സംസ്ഥാന പാതകളുടെ പദവി എടുത്തുകളഞ്ഞ്(ഡീനോട്ടിഫൈ) സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ നീക്കം. പാതയോര മദ്യശാലകള്‍ അനുവദിക്കാനായി ദേശീയപാതയുടെ പദവി എടുത്തുകളഞ്ഞ ചണ്ഡീഗഢ് ഭരണകൂടത്തിന്റെ നടപടി സുപ്രീംകോടതി ശരിവെച്ചിരുന്നു. ഇതോടെയാണ് സംസ്ഥാനത്തും ഇതിനുള്ള നീക്കങ്ങള്‍ക്ക് ആക്കം കൂട്ടിയത് .

തുടക്കത്തില്‍ പൊതുമരാമത്ത് വകുപ്പ് ഇതിന് എതിരായിരുന്നെങ്കിലും ബാറുടമകളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അനുകൂല സമീപനമുണ്ടായത്. തുടര്‍ന്ന് കോര്‍പറേഷന്‍ നഗരസഭാ പരിധിയിലുള്ള പാതകള്‍ ഡീ നോട്ടിഫൈ ചെയ്യുന്നതിനോട് യോജിച്ച് പൊതുമരാമത്ത് വകുപ്പ് ഫയല്‍ മുന്നോട്ടുനീക്കി.

അതേസമയം പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തി റോഡുകള്‍ ഡീനോട്ടിഫൈ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം ബാറുടമകളും സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ദേശീയ-സംസ്ഥാന പാതകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്ന ഈ നടപടിയോട് പൊതുമരാമത്ത് വകുപ്പിന് യോജിപ്പില്ല. ഇതുമായി ബന്ധപ്പെട്ട ഫയലില്‍ പൊതുമരാമത്ത് വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ചണ്ഡീഗഢില്‍ നഗരത്തിനകത്തെ ദേശീയപാതയാണ് ഡീനോട്ടിഫൈ ചെയ്തത്. മദ്യപിച്ച് അശ്രദ്ധമായി അതിവേഗത്തില്‍ വാഹനമോടിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പാതയോര മദ്യശാലകള്‍ നിരോധിച്ചത്. എന്നാല്‍ നഗരത്തിനകത്തെ റോഡുകളില്‍ അതിവേഗത്തിലുള്ള ഗതാഗതം കുറവാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ചണ്ഡീഗഢിന്റെ നടപടി ശരിവെച്ചത്.