ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ഒഴുകുന്നു; കോണ്‍ഗ്രസിലെ 44 എം.എല്‍.എമാരെ ബെംഗളൂരുവിലേക്കു മാറ്റി

single-img
29 July 2017


ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി എം.എല്‍.എമാരെ വലിച്ചുകൊണ്ടുപോവുന്ന ബി.ജെ.പി നീക്കത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ നടപടി. ബിജെപി സമ്മര്‍ദ്ധം മറികടക്കാന്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ ബെംഗളൂരിവിലേക്ക് മാറ്റി. കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് കൂടുമാറിയേക്കാവുന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ കരുതല്‍ നടപടി. കോണ്‍ഗ്രസിനൊപ്പമുള്ള 44 എംഎല്‍എമാരെ വെള്ളിയാഴ്ച രാത്രി കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലേക്ക് കടത്തി. എംഎല്‍എമാരെ ബെംഗളൂരുവിലേക്ക് മാറ്റിയ കാര്യം കോണ്‍ഗ്രസ് എംഎല്‍എയായ ശൈലേഷ് പര്‍മാര്‍ സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനുള്ള ബിജെപി നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ഞങ്ങളില്‍ 44 എംഎല്‍എമാര്‍ ബെഗളൂരുവിലേക്ക് മാറുകയാണ്. സംസ്ഥാനത്തെ ഭരണ പരാജയം മറയ്ക്കുന്നതിന് , പണം നല്‍കിയും പൊലീസിനെ ഉപയോഗിച്ച് സമ്മര്‍ദ്ധം ചെലുത്തിയും കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കാനുള്ള ശ്രമം ബിജെപി തുടരുകയാണെന്ന് ശൈലേഷ് പര്‍മാര്‍ പറഞ്ഞു.

അതേസമയം, ബിജെപിയിലേക്ക് കൂടുമാറാന്‍ യാതൊരുവിധ സമ്മര്‍ദ്ദവുമില്ലെന്നും, ബിജെപിയെ ഒരുതരത്തിലും ഭയക്കുന്നില്ലെന്നും ബെംഗളൂരുവിലെത്തിയ എംഎല്‍എമാര്‍ പ്രതികരിച്ചു. ഗുജറാത്തില്‍ ഇന്നലെ മാത്രം നാല് എംഎല്‍എമാര്‍ കൂടി രാജിവെച്ചു. കൂടുതല്‍ എംഎല്‍എമാര്‍ രാജിക്ക് തയാറെടുക്കുന്നതായി സൂചനകളും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് എംഎല്‍എമാരെ ബെംഗളൂരുവിലേക്ക് മാറ്റിയത്.

അമുല്‍ ഡെയറി അധ്യക്ഷനും താസ്ര എംഎല്‍എയുമായ രാംസിങ് പര്‍മാര്‍, ഛനബായ് ചൗധരി(വന്‍സ്ദ), മാന്‍സിങ് ചൗഹാന്‍ (ബാലസിനോര്‍) എന്നിവരാണ് ഇന്നലെ സ്പീക്കര്‍ക്ക് രാജി നല്‍കിയത്. ഛനബായിയും മാന്‍സിങ്ങും ബിജെപിയില്‍ ചേരുകയാണെന്ന് വ്യക്തമാക്കിയെങ്കിലും ബിജെപിയിലേക്ക് താനില്ലെന്നാണ് രാംസിങ്ങിന്റെ നിലപാട്. സി.കെ റാവോല്‍ജി എംഎല്‍എയും രാജി നല്‍കിയതായി സൂചനയുണ്ട്. ജാംനഗര്‍ (റൂറല്‍) എംഎല്‍എ രാഘവ്ജി പട്ടേല്‍ രാജിക്കൊരുങ്ങുകയാണെന്നും സൂചന നല്‍കി.

തന്നോടൊപ്പം വേറെയും എംഎല്‍എമാരുണ്ടാവുമെന്നു പട്ടേല്‍ സൂചിപ്പിച്ചിട്ടുണ്ട്. വഗേലയുടെ അടുത്ത അനുയായികളാണ് ഇവരെല്ലാം. ബല്‍വന്ത്‌സിങ് രാജ്പുട്ട്, തേജശ്രീബെന്‍ പട്ടേല്‍ ,പ്രഹ്ലാദ് പട്ടേല്‍ എന്നിവരാണു വ്യാഴാഴ്ച പാര്‍ട്ടിവിട്ടു ബിജെപിയില്‍ ചേര്‍ന്നിരുന്നത്. ബിജെപി നഗ്നമായ കുതിരക്കച്ചവടത്തിനു തുനിഞ്ഞിറങ്ങുകയാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം. പണവും സ്വാധീനവും ഉപയോഗിച്ചു തങ്ങളുടെ എംഎല്‍എമാരെ അടര്‍ത്തിയെടുക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എംഎല്‍എമാര്‍ക്കു ബിജെപി പത്തു കോടി രൂപ വാഗ്ദാനം ചെയ്തതിന് തെളിവുണ്ടെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഡല്‍ഹിയില്‍ വ്യക്തമാക്കി. പണം വാഗ്ദാനം ചെയ്യപ്പെട്ട സാമാജികരെയും അദ്ദേഹം പത്രസമ്മേളനത്തില്‍ ഹാജരാക്കി.