ബിജെപി ഓഫീസ് അക്രമസമയത്ത് കാഴ്ചക്കാരായി നോക്കി നിന്നു: രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
28 July 2017


തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ അക്രമം നടക്കുമ്പോള്‍ കാഴ്ചക്കാരായി നോക്കിനിന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

അതേസമയം, തലസ്ഥാനത്തെ അക്രമം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുള്ള നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകും. ഇവരെ അറസ്റ്റു ചെയ്യുമെന്നാണ് വിവരം.

ബിജെപി ഓഫീസിനു മുന്നില്‍ മ്യൂസിയം എസ്‌ഐ അടക്കം അഞ്ചുപേര്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു സിവില്‍ പൊലീസ് ഓഫീസര്‍ മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിച്ചത്. അക്രമികള്‍ വന്ന ബൈക്കിന്റെ നമ്പര്‍ ശേഖരിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചു.

ഈ സമയം മറ്റ് പൊലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. പതിനഞ്ചു മിനുറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികള്‍ മടങ്ങിയത്. ഐ.പി. ബിനു, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നു ബിജെപി ആരോപിച്ചു. സംഭവം അറിഞ്ഞ് സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, കന്റോണ്‍മെന്റ് അസി. കമ്മിഷണല്‍ കെ.ഇ. ബൈജു എന്നിവര്‍ സ്ഥലത്തെത്തി.