പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവച്ചു

single-img
28 July 2017

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവച്ചു. പാനമ ഗേറ്റ് അഴിമതിക്കേസില്‍ ആരോപണ വിധേയനായ ഷെരീഫിനെ പാക്ക് സുപ്രീംകോടതി അയോഗ്യനാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് രാജി. അഴിമതിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജിവെക്കാന്‍ കോടതി ഷെരീഫിനോട് ആവശ്യപ്പെട്ടിരുന്നു. ഷെരീഫിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹവും കുടുംബവും വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഷെരീഫിന്റെ വിശ്വസ്തനും ധനകാര്യമന്ത്രിയുമായ ഇഷ്ഹാഖ് ധറിനെയും കോടതി സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്

2018ല്‍ പാക്കിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന് മുന്‍പുള്ള ഷരീഫിന്റെ രാജി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും. ഒരുപക്ഷേ പാക്കിസ്ഥാന്‍ ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പാനമ ഗേറ്റ് അഴിമതിക്കേസില്‍ വിധി എതിരാകുമെന്ന് നേരത്തെ മനസിലാക്കിയ ഷരീഫിന്റെ പാര്‍ട്ടി പ്രതിരോധമന്ത്രി ഖാജാ അസിഫിനെ ഇടക്കാല പ്രധാനമന്ത്രിയായി നിശ്ചയിക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

കള്ളപ്പണം വെളുപ്പിച്ച് ലണ്ടനില്‍ നാലു ഫഌറ്റുകള്‍ ഉള്‍പ്പെടെയുള്ള അനധികൃത സ്വത്തു സമ്പാദിച്ചെന്നാണ് ഷരീഫിനും കുടുംബത്തിനും എതിരായ ആരോപണം. ഷരീഫ് സമര്‍പ്പിച്ച ധനകാര്യ സ്റ്റേറ്റ്‌മെന്റില്‍ ഈ സ്വത്തുക്കള്‍ സംബന്ധിച്ചു വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ചോര്‍ന്നു കിട്ടിയ പാനമ രേഖകളിലൂടെയാണ് അനധികൃത സ്വത്തിന്റെ വിശദാംശങ്ങള്‍ പുറത്തായത്.

കേസ് മുന്‍പ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ ഷരീഫ് രാജിവയ്ക്കണമെന്ന് രണ്ടു ജഡ്ജിമാര്‍ വിധിച്ചിരുന്നു. എന്നാല്‍ ശേഷിച്ച മൂന്ന് ജഡ്ജിമാര്‍ പാനമ രേഖകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും ഉത്തരവിട്ടു. ഇതോടെയാണ് അഴിമതിയാരോപണത്തെക്കുറിച്ച് സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അഞ്ച് ജഡ്ജിമാര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ച് ഇന്ന് ഏകകണ്ഠമായി വിധി പ്രസ്താവിക്കുകയായിരുന്നു.