വിശ്വാസം നേടി നിതീഷ് ബിജെപി സഖ്യം: 131 എംഎല്‍എമാര്‍ പിന്തുണച്ചു

single-img
28 July 2017

ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് വിജയിച്ചു. 243 അംഗ നിയമസഭയില്‍ 131 വോട്ട് നേടിയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ട 122 മറികടന്നത്. 108 എംഎല്‍എമാര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ആര്‍ജെഡിക്ക് 80, കോണ്‍ഗ്രസിന് 27 എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷിനില. ഇതുകൂടാതെ സിപിഐ (എംഎല്‍)–3, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണു ബാക്കിയുള്ളത്.

ബഹളമയമായ അന്തരീക്ഷത്തിലായിരുന്നു വിശ്വാസ വോട്ടെടുപ്പ്. രാവിലെ വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതു മുതല്‍ നിയമസഭ ബഹളത്തില്‍ മുങ്ങി. രഹസ്യവോട്ടെടുപ്പ് വേണമെന്ന് കോണ്‍ഗ്രസും ആര്‍ജെഡിയും ആവശ്യപ്പെട്ടു. ബിജെപിക്കൊപ്പം നില്‍ക്കാനുള്ള നിതീഷിന്റെ തീരുമാനത്തില്‍ ജെഡിയുവിനുള്ളില്‍നിന്നുതന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നെങ്കിലും അതു വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ല.

വിശ്വാസ വോട്ടെടുപ്പിനായി ബിഹാര്‍ നിയമസഭ യോഗം ചേരുമ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പുറത്ത് വ്യാപക പ്രതിഷേധവുമായി ആര്‍ജെഡി അണികള്‍ നിരന്നിരുന്നു. ‘ഞാന്‍ കസേര കുമാര്‍’ എന്ന പോസ്റ്റര്‍ ഉയര്‍ത്തിയാണ് നിതീഷ് കുമാറിനെ ആര്‍ജെഡി അണികള്‍ വിശേഷിപ്പിച്ചത്. പുറത്ത് അണികള്‍ നിതീഷ് കുമാറിനെതിരെ പ്രതിഷേധിക്കുമ്പോള്‍ നിയമസഭയ്ക്കുള്ളില്‍ പ്രതിപക്ഷ നേതാവായ ആര്‍ജെഡിയുടെ 27 വയസുകാരനായ തേജസ്വി യാദവ് നിതീഷ് കുമാറിനെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു.

അഴിമതിയാരോപണ വിധേയനായ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവയ്ക്കില്ലെന്നു ലാലു പ്രസാദ് യാദവ് ഉറച്ച നിലപാട് എടുത്തതോടെയാണു നിതീഷ് രാജിവച്ചത്. ഇതോടെ നിതീഷ്‌കുമാറിനെ പിന്തുണയ്ക്കാന്‍ ബിജെപി പാര്‍ലമെന്റനറി ബോര്‍ഡ് തീരുമാനിച്ചു. ബിജെപിയുടെ പിന്തുണ ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നിതീഷ് നേടുകയായിരുന്നു.