ജെഡിയു പിളര്‍പ്പിലേക്ക്: കേന്ദ്രമന്ത്രി സ്ഥാനം വേണ്ടന്ന് ശരദ് യാദവ്

single-img
28 July 2017

നിതീഷ് കുമാറിന്റെ ബിജെപി കൂട്ടുകെട്ടില്‍ ശക്തമായ വിയോജിപ്പുമായി മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും ജെഡിയു ദേശീയ അധ്യക്ഷനുമായ ശരദ് യാദവ്. രാജ്യസഭാംഗവും ദേശീയ രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവുമായ ശരദ് യാദവിനെ അനുനയിപ്പിക്കാനുള്ള ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ശ്രമങ്ങള്‍ പാടേ പാളിയതായാണ് പുറത്തു വരുന്ന വിവരങ്ങള്‍.

പ്രത്യേക ക്യാബിനറ്റ് സ്ഥാനം വാഗ്ദാനം ചെയ്ത ജെയ്റ്റ്‌ലിയോട് മന്ത്രിസ്ഥാനത്തില്‍ തനിക്ക് തെല്ലും താല്‍പര്യമില്ലെന്നും ഇനിയും ബിജെപിയെ ദേശീയ തലത്തിലും ബിഹാറിലും എതിര്‍ക്കുമെന്നും യാദവ് തുറന്നടിച്ചതായാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ശരദ് യാദവിന്റെ മുന്നോട്ടുള്ള നീക്കമാണ് ജെഡിയുവിന്റെ ഭാവി തീരുമാനിക്കുക. നിതീഷ് കുമാറിന്റെ ബിജെപി കൂട്ടുകെട്ടില്‍ തെല്ലും താല്‍പര്യമില്ലെന്ന് ശരദ് യാദവ് സത്യപ്രതിജ്ഞയില്‍ നിന്ന് വിട്ടുനിന്ന് കൊണ്ടുതന്നെ സൂചിപ്പിച്ചതാണ്. വര്‍ഗീയ ശക്തിയുമായി കൂട്ടുകൂടാനുള്ള നിതീഷിന്റെ തീരുമാനത്തിന് എതിരാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിയമസഭയില്‍ വിശ്വാസ വോട്ട് നേടിയ നിതീഷ് കുമാറിന് 131 അംഗങ്ങളുടെ പിന്തുണയാണുണ്ടായത്. ജെഡിയുവിന് 71ഉം ബിജപിക്ക് ഒറ്റക്ക് 53ഉം എന്‍ഡിഎ ആകുമ്പോള്‍ 58ഉം അംഗങ്ങളാണ് സഭയിലുള്ളത്.

രണ്ട് സ്വതന്ത്രരുടെ കൂടെ പിന്തുണയോടെയാണ് 131 അംഗ പിന്തുണ സഭയില്‍ കിട്ടിയത്. ആര്‍ജെഡിയുടെ 80 എംഎല്‍എമാരും കോണ്‍ഗ്രസിന്റെ 27 എംഎല്‍എമാരും സിപിഐ(എംഎല്‍)ന്റെ മൂന്ന് എംഎല്‍എമാരും ഒരു സ്വതന്ത്രനും നിതീഷ് ബിജെപി സഖ്യത്തിന് എതിരായി വോട്ട് ചെയ്തു.