ബിജെപി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവം: സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് ഡിവൈഎഫ്‌ഐ നേതാവ്

single-img
28 July 2017

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ നേതാവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐപി ബിനു. ബിജെപി പ്രവര്‍ത്തകര്‍ തന്റെ വീടും പാവപ്പെട്ട സഖാക്കളുടെ വീടും അടിച്ചുതകര്‍ത്തിരുന്നു.

തിരുവനന്തപുരത്തെ സിപിഎമ്മിന്റെ യുവനേതാവ് കൂടിയായ കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐപി ബിനുവിന്റെ വീടിന് നേരെ വ്യാഴാഴ്ച അര്‍ദ്ധരാത്രിക്കുശേഷമാണ് ആക്രമണം ഉണ്ടാകുന്നത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നിലുളള ഷോപ്പിംഗ് കോംപ്ലക്‌സിന് മുകളിലുളള വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു. ആക്രമണത്തില്‍ ഷോപ്പിങ് കോംപ്ലക്‌സിന്റെ നിരവധി ചില്ലുകള്‍ തകര്‍ന്നിരുന്നു.

ഇതൊന്നും പ്രധാനവിഷയമല്ലേ ഇങ്ങനെയൊക്കെ വരുമ്പോള്‍ സ്വാഭാവികമായിട്ടും പ്രതികരണമുണ്ടാകുമെന്നും പറഞ്ഞു. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചതിന് നേതൃത്വം കൊടുത്തത് ഐപി ബിനുവും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ സാജ് കൃഷ്ണയും ചേര്‍ന്നാണെന്ന് ബിജെപി ആരോപണമുന്നയിച്ച സാഹചര്യത്തിലാണ് ബിനുവിന്റെ പ്രതികരണം.

സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളില്‍ ബിനുവിനെയും പ്രജിന്‍സാജ് കൃഷ്ണയെയും വ്യക്തമായി കാണാം. അതേസമയം താനിതുവരെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് തനിക്കൊന്നും പറയാന്‍ കഴിയില്ലെന്നും ബിനു വ്യക്തമാക്കി.