ദിലീപിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം വഴിമുട്ടുന്നു

single-img
28 July 2017

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം വഴിമുട്ടുന്നു. എഫ്‌ഐആര്‍ അടക്കമുള്ള രേഖകള്‍ പൊലീസ് നല്‍കാത്തതിനാലാണ് അന്വേഷണം മുന്നോട്ട് പോകാന്‍ സാധിക്കാത്തത്.

രണ്ടാഴ്ചമുന്‍പാണു എന്‍ഫോഴ്‌സ്‌മെന്റ് രേഖകള്‍ ആവശ്യപ്പെട്ടത്. രേഖകള്‍ കിട്ടാത്തതിനാല്‍ അന്വേഷണം തുടങ്ങിയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. അനധികൃത സാമ്പത്തിക ഇടപാടും സ്വത്തു സമ്പാദനവുമാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണ പരിധിയില്‍ വരിക.

അതേസമയം, നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഫോണ്‍ വിദേശത്തേക്കു കടത്തിയെന്ന വിവരം പരിശോധിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. ദിലീപുമായി അടുപ്പമുള്ള വിദേശയാത്ര നടത്തിയവരെ കേന്ദ്രീകരിച്ചാണ് ഈ അന്വേഷണം.

എന്നാല്‍, ഫോണ്‍ നശിപ്പിച്ചുകളഞ്ഞെന്നാണു പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ മൊഴി. പ്രതീഷിന്റെ ജൂനിയറെയും ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുമ്പോഴും നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാത്തത് പൊലീസിന് തിരിച്ചടിയാണ്.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കുന്നതുവരെ ദിലീപിനെ റിമാന്‍ഡ് ചെയ്യണമെന്ന ആവശ്യമാണു പ്രോസിക്യൂഷന്‍ കോടതിയിലും ഉന്നയിച്ചത്. എന്നാല്‍ ഫോണ്‍ എവിടെയാണെന്നതിനെക്കുറിച്ചുള്ള സൂചനപോലും ഇതുവരെയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.

ഒളിവില്‍ കഴിയുമ്പോള്‍ പള്‍സര്‍ സുനിയും വിജീഷും കാവ്യാമാധവന്റെ കാക്കനാട്ടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെത്തിയതായി പൊലീസിന് വിവരമുണ്ടായിരുന്നു. ഫോണോ ഇതിലെ ദൃശ്യങ്ങളുടെ പകര്‍പ്പോ ഇവിടെ കൈമാറിയോ എന്നതുകൂടി അന്വേഷിക്കാനാണു കാവ്യാമാധവനെ ചോദ്യം ചെയ്തത്.

ഈ അന്വേഷണങ്ങളിലും വ്യക്തത കൈവന്നിട്ടില്ല. ദിലീപ് അടുത്തയാഴ്ച ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. ഇതിനുമുമ്പ് പുതിയ തെളിവുകള്‍ ശേഖരിക്കാനാണു പോലീസിന്റെ നീക്കം.