ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളോട് പാസ്‌വേര്‍ഡുകള്‍ മാറ്റാന്‍ നിര്‍ദ്ദേശം

single-img
28 July 2017

കൊല്ലം: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്റെ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കുകളില്‍ വൈറസ് ആക്രമണം. ഉപയോക്താക്കളുടെ മോഡത്തിലാണു വൈറസ് ആക്രമണം കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളോടു പാസ്വേര്‍ഡ് പുനഃക്രമീകരിക്കാന്‍ ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടു.

ഈ ആഴ്ച ആദ്യമാണ് വൈറസ് ആക്രമണം ഉണ്ടായതെന്നാണ് ഔദ്യോഗിക വിശദീകരണം. പാസ്‌വേര്‍ഡുകള്‍ പുതുക്കാതെ ഉപയോഗിക്കുന്ന മോഡങ്ങളിലാണു പ്രധാനമായും വൈറസ് ബാധ കണ്ടെത്തിയതെന്നു ബിഎസ്എന്‍എല്‍ പറയുന്നു. ഇത്തരത്തിലുള്ള ഏകദേശം 2000 ഉപയോക്താക്കളുടെ മോഡത്തെയാണ് ആക്രമണം ബാധിച്ചത്.

മോഡം വാങ്ങുമ്പോള്‍ തന്നെയുള്ള പാസ്വേര്‍ഡ് ആയ ‘അഡ്മിന്‍’ മാറ്റാത്ത ഉപയോക്താക്കള്‍ ഒട്ടേറെയുണ്ടെന്നും ഇവര്‍ക്കാണു പ്രശ്‌നങ്ങള്‍ കണ്ടെത്തിയതെന്നുമാണു വിശദീകരണം. അതുകൊണ്ട്എല്ലാ ഉപയോക്താക്കളും മോഡം റീസെറ്റ് ചെയ്തു പാസ്വേര്‍ഡ് മാറ്റണമെന്നാണു ബിഎസ്എന്‍എല്ലിന്റെ നിര്‍ദേശം.

ബിഎസ്എന്‍എല്ലിന്റെ പ്രധാന നെറ്റ്വര്‍ക്കുകളിലോ സെര്‍വറുകളിലോ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ബിഎസ്എന്‍എല്ലിന്റെ കോര്‍ സിസ്റ്റങ്ങള്‍ എല്ലാംതന്നെ വൈറസില്‍ നിന്നും സുരക്ഷിതമാണെന്നും കമ്പനി വ്യക്തമാക്കി.

‘ഒരു പരിധിവരെ സ്ഥിതിഗതികള്‍ ശരിയായിട്ടുണ്ട്. ഉപഭോക്താക്കള്‍ ഉടന്‍തന്നെ അവരുടെ പാസ് വേര്‍ഡുകള്‍ മാറ്റണമെന്ന് ഞങ്ങള്‍ ഉപദേശിക്കുന്നു. ഒരുവട്ടം പാസ്‌വേര്‍ഡ് മാറ്റിയാല്‍ പിന്നെ ഇതിനെക്കുറിച്ച് ആകുലപ്പെടേണ്ടതില്ലെന്നും’ ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.