‘മെഡിക്കല്‍ കോഴ’ വിവാദം ബിജെപിയുടെ ജനപിന്തുണയെ പ്രതികൂലമായി ബാധിച്ചു; അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വം

single-img
28 July 2017

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളേജ് കോഴ വിവാദവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ കേരളത്തില്‍ ബിജെപിയുടെ ജനപിന്തുണയെ സാരമായിത്തന്നെ ബാധിച്ചുവെന്ന് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബിജെപി സംസ്ഥാനഘടകം മുമ്പ് നേരിട്ടിട്ടില്ലാത്തത്ര ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ദേശീയനേതൃത്വം വിലയിരുത്തുന്നത്.

അഴിമതിയാരോപണം, ഇതുസംബന്ധിച്ച അന്വേഷണറിപ്പാര്‍ട്ട് ചോര്‍ച്ച, ഇതേത്തുടര്‍ന്ന് പാര്‍ട്ടിയില്‍ തലപൊക്കിയിരിക്കുന്ന രൂക്ഷമായ വിഭാഗീയത എന്നിവ പാര്‍ട്ടിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ അസാധാരണ സ്ഥിതിവിശേഷമാണുണ്ടാക്കിയിരിക്കുന്നതെന്നാണ് കേന്ദ്രം നടത്തിയ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

പാര്‍ട്ടി നടത്തിയ അന്വേഷണറിപ്പോര്‍ട്ട് ചോര്‍ത്തിയവര്‍ക്കെതിരെ നടപടി കൈക്കൊള്ളാത്തതിലും നേതൃത്വം സംസ്ഥാന ഘടകത്തോട് അതൃപ്തി രേഖപ്പെടുത്തുകയുമുണ്ടായി.

പാര്‍ട്ടിയുടെ ആഭ്യന്തരരേഖയായ അന്വേഷണക്കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയവര്‍ക്കെതിരേയുള്ള നടപടികള്‍ സംസ്ഥാനതലത്തിലാണ് കൈക്കൊള്ളേണ്ടത്. എന്നാല്‍, സംസ്ഥാന കോര്‍ കമ്മിറ്റിയും സംസ്ഥാനസമിതിയും തീരുമാനിച്ചിട്ടും നടപടി സ്വീകരിക്കാത്തതെന്തുകൊണ്ടെന്ന് ദേശീയനേതൃത്വം ആരായുകയും ചെയ്തു.

1991ലെ വോട്ടുകച്ചവടം, 2005ല്‍ തിരുവനന്തപുരം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ വോട്ടുകച്ചവടവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍, 2006ല്‍ രാമന്‍പിള്ള പുതിയപാര്‍ട്ടി രൂപവത്കരിക്കാനുണ്ടായ സാഹചര്യം എന്നിവ നേരത്തെ പാര്‍ട്ടി നേരിട്ട പ്രതിസന്ധികളാണ്. എന്നാല്‍ പുതിയപ്രശ്‌നം അതിനേക്കാള്‍ ഗൗരവമുള്ളതാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.