തലസ്ഥാനത്തെ ആക്രമണം പ്രത്യേകസംഘം അന്വേഷിക്കും; സംഘര്‍ഷം നിയന്ത്രണ വിധേയമെന്ന് ഡിജിപി

single-img
28 July 2017

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ബിജെപി-സിപിഎം സംഘര്‍ഷം നിയന്ത്രണ വിധേയമാണെന്നും അക്രമികളെ ഉടന്‍ പിടികൂടുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നഗരത്തില്‍ ശക്തമായ പോലീസ് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസുകള്‍ എടുത്തിട്ടുണ്ട്. അക്രമികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതു വരെ എട്ടു പേരെ കസ്റ്റഡിയിലെടുത്തു. സിറ്റിയിലെ പത്തോളം എസ്.ഐമാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ അറസ്റ്റ് നടത്തും. അടുത്ത ദിവസം നഗരത്തില്‍ ജാഥകളും മറ്റും നിരോധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ പാര്‍ട്ടി പതാകകളും നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷത്തിലുള്‍പ്പെട്ട ആക്രമികള്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ആക്രമണത്തിന്റെയും തുടര്‍സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ പാര്‍ടി ഓഫീസുകള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. എകെജി സെന്ററിന് മുന്നില്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. സംഘര്‍ഷബാധിത മേഖലയില്‍ 450 ഓളം പൊലീസുകാരെ നിയമിച്ചു. നിരന്തര പെട്രോളിംഗിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ബിജെപി ഓഫീസ് ആക്രമണം തടയാന്‍ കഴിയാതെ നിന്ന രണ്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു.